ബാഴ്‌സലോണ- ഒന്നിച്ചുനിൽക്കണമെന്നും വിഘടിച്ചുപോകരുതെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്‌പെയിൻകാർ കാറ്റലോണിയ തലസ്ഥാനമായ ബാഴ്‌സലോണയിൽ പ്രകടനം നടത്തി. ദേശീയ പതാകയും യൂറോപ്യൻ പതാകയും വീശി 'വിവി എസ്പാന' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു മാർച്ച്.
സ്‌പെയിനിൽനിന്ന് വിഘടിച്ചുപോകാനും സ്വതന്ത്ര രാജ്യമായി നിലകൊള്ളാനും കാറ്റലോണിയൻ പാർലമെന്റ് പ്രമേയം പാസാക്കിയതിനെ പ്രകടനക്കാർ അപലപിച്ചു. ചുവപ്പും മഞ്ഞയും കലർന്ന സ്‌പെയിൻ പതാകകളിൽ കുളിച്ച ബാഴ്‌സലോണ ഐക്യാഭിലാഷത്തിന്റെ പ്രതീകമായി.
മൂന്നു ലക്ഷത്തോളം പേർ പ്രകടനത്തിൽ പങ്കെടുത്തതായാണ് പോലീസ് പറയുന്നത്. എന്നാൽ 13 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ അവകാശവാദം. 10 ലക്ഷം പേർ പങ്കെടുത്തതായി സ്‌പെയിൻ സർക്കാരും പറയുന്നു.
അതിനിടെ, ഡിസംബറിൽ നടക്കുന്ന കാറ്റലോണിയ തെരഞ്ഞെടുപ്പിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് കാർലസ് പ്യൂഗെമോൻഡിനും അദ്ദേഹത്തിന്റെ പാർട്ടിക്കും പങ്കെടുക്കാമെന്ന് സ്‌പെയിൻ അറിയിച്ചു. ജനാധിപത്യപരമായി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവർ തയാറാകണമെന്നും സ്‌പെയിൻ സർക്കാർ പറഞ്ഞു. യൂറോപ്യൻ പാർലമെന്റിന്റെ മുൻ പ്രസിഡന്റ് ജോസപ് ബോറെൽ കാറ്റലോണിയക്കെതിരെ സ്‌പെയിൻ സ്വീകരിച്ച നടപടികളെ പിന്താങ്ങി ഇന്നലെ രംഗത്തെത്തി. സ്‌പെയിനെയും കാറ്റലോണിയയെയും വൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ ഭരണഘടനയുടെ 155 വകുപ്പ് നടപ്പാക്കുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂവെന്നു അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനം നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ നിങ്ങളിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുമായിരുന്നു. വിഘടിച്ചുപോകരുത് എന്നാണ് വ്യവസായ, വാണിജ്യ വൃത്തങ്ങളുടെ താൽപര്യമെന്നും ബാഴ്‌സലോണയിൽ സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പറഞ്ഞു.