പാരീസ്- ഫൈസര്‍, ബയോണ്‍ടെക്ക് കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി കമ്പനികള്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടും കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആശ്വാസം പകരുന്നതാണ് വാര്‍ത്ത.
വിവിധ രാജ്യങ്ങളിലായി കോടിക്കണക്കിനാളുകളെ വീണ്ടും കോവിഡ് ലോക്ക്ഡൗണിലേക്ക് തള്ളിവിടുന്നതിനിടെ ഉണ്ടായ പ്രഖ്യാപനം യൂറോപ്യന്‍ ഓഹരി വിപണികളിലും എണ്ണ വിപണിയിലും പ്രതിഫലിച്ചു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാക്‌സിന്‍ പ്രഖ്യാപനത്തെ മഹത്തായ വാര്‍ത്തയെന്ന് പ്രകീര്‍ത്തിച്ചു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടാനിടയാക്കിയ കാരണങ്ങളില്‍ കോവിഡിനോടുള്ള അദ്ദേഹത്തിന്റെ തണുപ്പന്‍ പ്രതികരണവും ഉള്‍പ്പെടുന്നു.
ഫൈസര്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി 28 ദിവസത്തിനുശേഷവും രണ്ടാമത്തെ ഡോസ് നല്‍കി ഏഴുദിവസത്തിനുശേഷവും ഫലപ്രദമായെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ഈ വര്‍ഷം 50 ദശലക്ഷം വാക്‌സിന്‍ ഡോസുകളും അടുത്തവര്‍ഷം 1.3 ബില്യണ്‍ ഡോസുകളും വരെ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികള്‍ അറിയിച്ചു.
കോവിഡ് ബാധ തടയാന്‍ വാക്‌സിന് ശേഷിയുണ്ടെന്ന് മൂന്നാം ഘട്ട ട്രയലില്‍ തെളിഞ്ഞതായി ഫൈസര്‍ ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു.
ആഗോള ആരോഗ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ലോക ജനതയെ സഹായിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന് ഏറ്റവും ആവശ്യമായ ഘട്ടത്തിലാണ് വാക്‌സിന്‍ വികസന പരിപാടി വിജയത്തിലെത്തിയിരിക്കുന്നത്. ലോകമെമ്പാടും കോവിഡ് 19 അണുബാധ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലാണ്. ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുകയും മരണസംഖ്യ കൂടി വരികയും ചെയ്യുന്നു.
യു.എസ് ബയോടെക് കമ്പനിയായ മോഡേണയും നിരവധി സര്‍ക്കാര്‍ ചൈനീസ് ലാബുകളും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെയും അസ്ട്രാസെനെക്കയുടെയും നേതൃത്വത്തിലുള്ള യൂറോപ്യന്‍ പ്രോജക്ടും വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് മുന്നേറുകയാണ്.