Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഭൂമാഫിയ  വെട്ടിക്കൊന്നു

ചെന്നൈ-തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ വച്ച് തടഞ്ഞു. പിന്നാലെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മോസസിന്റെ കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാരെയും പ്രദേശവാസികളെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്നു കളഞ്ഞു.
കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാര്‍ത്താ പരമ്പര ചെയ്തിരുന്നു. ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ടുകള്‍ കാഞ്ചീപുരത്ത് ചര്‍ച്ചയായിരുന്നു.
രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കാഞ്ചീപുരം പഴയ നല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. തമിഴ്‌നാട് പത്രപ്രവര്‍ത്തക യൂണിയന്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു.
 

Latest News