കൽപറ്റ- മരങ്ങൾ നട്ടുവളർത്തുന്ന കർഷകർക്ക് സഹായധനം അനുവദിക്കുന്നതിനു കാർബൺ തുലിത പദ്ധതി നടപ്പാക്കുന്ന മീനങ്ങാടി പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്കിന് പത്ത് കോടി രൂപ നിക്ഷേപം അനുവദിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. മീനങ്ങാടി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കൃഷിയിടത്തിൽ മരങ്ങൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നവർക്കാണ് നിക്ഷേപം ഉപയോഗിച്ച് ബാങ്ക് സഹായധനം അനുവദിക്കേണ്ടത്. മരങ്ങളുടെ കണക്ക് ബാങ്ക് സൂക്ഷിക്കണം. വളർച്ചയെത്തിയ മരം വിൽക്കുമ്പോൾ സഹായധനം കർഷകരിൽനിന്നു തിരിച്ചുപിടിക്കാമെന്നും
സഹകരണ ബാങ്കുകൾ പതിവുരീതികൾ വിട്ട് വിപുലമായ സേവനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ, ബത്തേരി നഗരസഭാ ചെയർമാൻ സി.കെ.സഹദേവൻ എന്നിവർ പ്രസംഗിച്ചു.
വയനാടിനു ആവശ്യംപരിസ്ഥിതി സംരക്ഷണത്തിലൂന്നിയ കാർഷിക വികസനം-ഐസക്
കൽപറ്റ- വയനാടിനു ആവശ്യം പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ കാർഷിക വികസനമാണെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കാർബൺ സന്തുലിത വയനാട്-തണൽക്കാപ്പി കൃഷിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധിയാണ് ജില്ല നേരിടുന്നത്. ഇത് തരണം ചെയ്യാൻ കഴിയും. കാർഷിക മേഖലയുടെ പുനരുജ്ജീവനവും തൊഴിൽ വരുമാന വർധനവുമാണ്
കാർബൺ സന്തുലിത വയനാട് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വയനാട് കാർബൺ സന്തുലിതമാകുന്നത് ജില്ലയിലെ പ്രധാന വിളയായ കാപ്പിയുടെ ബ്രാൻഡ് ചെയ്തുള്ള വിപണനത്തിനു ഉതകും. പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് തിട്ടപ്പെടുത്തുക, വൃക്ഷാവരണം വർധിപ്പിച്ച് ആഗിരണം വർധിപ്പിക്കുക, ജനങ്ങളുടെ വരുമാന മാർഗങ്ങൾ വർധിപ്പിക്കുക എന്നിവയാണ് കാർബൺ തുലിത ജില്ലയിലേക്കുള്ള ചവിട്ടുപടികളെന്ന് തോമസ് ഐസക് പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ്, ഗവേഷണ നിലയം സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. പ്രസാദ്, കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ എസ്. ജോഷി, ജി. ബാലഗോപാൽ, കോഫി റിസർച്ച് സ്റ്റേഷൻ ഡപ്യൂട്ടി ഡയറക്ടർമാരായ ഡോ.വിജയലക്ഷമി, ഡോ.കറുത്തമണി, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ സജ്‌ന കരീം, പരിസ്ഥിതി പ്രവർത്തകരായ സി.കെ. വിഷ്ണുദാസ്, എൻ. ബാദുഷ, നബാർഡ് എ.ജി.എം എൻ.എസ്. സജികുമാർ എന്നിവർ പ്രസംഗിച്ചു. ഗവേഷണനിലയം മേധാവി ഡോ.വി. ബാലകൃഷ്ണൻ സ്വാഗതവും പ്രിൻസിപ്പൽ സയന്റിസ്റ്റ് സി.എസ്. ചന്ദ്രിക നന്ദിയും പറഞ്ഞു.