വാഷിംഗ്ടണ്‍- എല്ലാ വിധ മതിലുകളും തകര്‍ത്ത് ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയും യു.എസിലെ രണ്ടാമത്തെ ഉന്നത പദവിയിലെത്തുന്നത്.
56 കാരിയായ കമല ഹാരിസിന്റെ വിജയ വാര്‍ത്തക്കായി ഇന്ത്യയും കാതോര്‍ക്കുകയായിരുന്നു. കമലയുടെ അമ്മയുടെ ജന്മനാടായ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ വ്യാപകമായി കട്ടൗട്ടുകള്‍ ഉയര്‍ത്തുകയും ക്ഷേത്രത്തില്‍ അന്നദാനത്തോടൊപ്പം പ്രത്യേക പൂജ നടത്തുകയും ചെയ്തിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസായിരുന്നു കമലയുടെ എതിരാളി. കമലയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രചാരണം.
യു.എസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമല. അമേരിക്കയില്‍ ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണു കമല നികത്തിയിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റുകൾക്കു വലിയ ആവേശമാണ് പകർന്നത്. തെരഞ്ഞെടുപ്പില്‍ ആഫ്രോ അമേരിക്കൻ വംശജരുടെയും ഇന്ത്യൻ വേരുകളുള്ള അമേരിക്കക്കാരുടെയും നിർണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാർഥിത്വം.
നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ തുടക്കത്തിൽ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി.
ഹോവഡ് സർവകലാശാലയിൽനിന്നും കലിഫോർണിയ സർവകലാശാലയുടെ ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽനിന്നും പഠിച്ചിറങ്ങിയ കമല 2010 ൽ സ്റ്റേറ്റ് അറ്റോർണി ജനറലായി നിയമിതയായി. 2016 ലെ തെരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിലെത്തി.
കലിഫോർണിയയിലെ ഓക്‌ലൻഡിൽ 1964 ഒക്ടോബർ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവർത്തനങ്ങളിലൂടെണ് പൊതുപ്രവർത്തന മേഖലയിൽ എത്തുന്നത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. പന്ത്രണ്ടാം വയസ്സിൽ കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. പിന്നീട് ഹോവഡ് സർവകലാശാലയിൽ പഠിക്കാനായി അവർ യുഎസിൽ തിരിച്ചെത്തി. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തിൽ ബിരുദം എടുക്കുകയും ചെയ്തു.