ന്യൂദല്‍ഹി- മൂന്നു ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ബിഹാറില്‍ ഇത്തവണ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ അഭിപ്രായ സര്‍വെ ഫലങ്ങള്‍. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടും. ബിജെപി ഉള്‍പ്പെടുന്ന സഖ്യത്തിന് 110 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ സഖ്യമായ മഹാസഖ്യത്തിന് 124 സീറ്റുകള്‍ ലഭിച്ചേക്കും.
ടൈംസ് നൗ-സി വോട്ടര്‍ സര്‍വെയില്‍ എന്‍ഡിഎയ്ക്ക് 116 സീറ്റും മഹാസഖ്യത്തിന് 120 സീറ്റുമാണ് പ്രവചിക്കപ്പെട്ടത്. നിതീഷുമായി ഉടഞ്ഞ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് വെറും ഒരു സീറ്റും.
റിപബ്ലിക് ടിവി- ജന്‍ കി ബാത് സര്‍വേയില്‍ എന്‍ഡിഎക്ക് 91-117 സീറ്റും മഹാസഖ്യത്തിന് 118-138 സീറ്റും പ്രവചിക്കുന്നു. എല്‍ജെപി അഞ്ചു മുതല്‍ എട്ടു വരെ സീറ്റുകള്‍ നേടിയേക്കും.
നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. അന്നു തന്നെ ഫലം അറിയാം. 243 അംഗ നിയമസഭയില്‍ 122 സീറ്റുകള്‍ നേടുന്ന സഖ്യത്തിന് ഭരണം ഉറപ്പിക്കാം.
തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് പ്രകടമായ നിതീഷ് സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ശരിവെക്കുന്നതാണ് ഈ പ്രവചനങ്ങള്‍. എന്നാല്‍ ഇവ ശരിയായിക്കൊള്ളണമെന്നില്ല. ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍്ത്ഥിയുമായ തേജസ്വി യാദവ് പ്രചരണ വേളയില്‍ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ 10 ലക്ഷം സര്‍ക്കാര്‍ ജോലി എന്ന വന്‍ വാഗ്ദാനം പ്രചരണത്തെ കൊഴിപ്പിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ പത്തു ലക്ഷം ജോലികള്‍ നല്‍കുന്ന തീരുമനമെടുക്കുമെന്നാണ് തേജസ്വിയുടെ വാഗ്ദാനം.