Sorry, you need to enable JavaScript to visit this website.

വിശ്വസനീയ തെളിവുകളില്ല, യുപിയിലെ 'ലവ് ജിഹാദ്' കേസുകള്‍ പൊളിയുന്നു; പോലീസ് കേസുകൾ അവസാനിപ്പിച്ചു

ഫൈസ ഫാത്തിമയും ഭര്‍ത്താവ് മുഹമ്മദ് ഫൈസലും (ചിത്രം: എന്‍ഡിടിവി)

കാന്‍പൂര്‍- ബിജെപി, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും തീവ്രഹിന്ദുത്വ വര്‍ഗീയ വാദികളും മുസ്‌ലിം യുവാക്കള്‍ക്കെതിരെ പ്രചരിപ്പിക്കുന്ന 'ലവ് ജിഹാദ്' ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ പൊളിയുന്നു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം മതം മാറ്റാന്‍ വ്യാപക ഗൂഢാലോചനയും നീക്കങ്ങളും നടക്കുന്നുവെന്നാണ് പ്രചരണം. 'ലവ് ജിഹാദ്' നടത്തുന്നവരുടെ അന്ത്യകര്‍മങ്ങള്‍ കഴിക്കുമെന്ന് തീവ്രഹിന്ദുത്വ വാദിയായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പരസ്യമായി മുന്നറിയിപ്പു നല്‍കിയത്. 

എന്നാല്‍ സംസ്ഥാനത്ത് പോലീസ് അന്വേഷിക്കുന്ന കേസുകള്‍ ഓരോന്നായി പൊളിയുന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കാന്‍പൂരിലെ ലവ് ജിഹാദ് കേസുകള്‍ അന്വേഷിക്കാന്‍ യുപി പോലീസ്     ഓഗസ്റ്റില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണം രണ്ടു മാസം പിന്നിടുമ്പോള്‍ 14 കേസുകളില്‍ പകുതിയും വ്യാജമാണെന്ന് തെളിഞ്ഞു. ഈ കേസുകളിലെല്ലാം ഹിന്ദു പെണ്‍കുട്ടികളും മുസ്‌ലിം യുവാക്കളും പരസ്പര സമ്മതത്തോടെയും നിയമപരമായുമാണ് വിവാഹങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയ പോലീസ് സംഘം കേസ് അന്വേഷണം അവസാനിപ്പിച്ച് ക്ലോഷര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. 14 കേസുകളില്‍ ഏഴു കേസുകള്‍  മാത്രമാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് അന്വേഷണ സംഘം ചുമതല വഹിക്കുന്ന വികാസ് പാണ്ഡെ പറഞ്ഞു.

ഈ ഏഴു കേസുകളില്‍ മൂന്ന് കേസുകളെ കുറിച്ച് എന്‍ഡിടിവി വാര്‍ത്താ സംഘം അന്വേഷണം നടത്തുകയും ഇവയിലും യുവതീയുവാക്കൾ പരസ്പര പൊരുത്തത്തോടെ വിവാഹം ചെയ്തതാണെന്നും സൂചന ലഭിച്ചു. മുസ്‌ലിം യുവാക്കള്‍ ബലപ്രയോഗത്തിലൂടെയല്ല വിവാഹം ചെയ്‌തെന്നും മതംമാറാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം നടക്കുന്ന കേസുകളിലൊന്നാണ് കാന്‍പൂര്‍ സ്വദേശിനിയായ ശാലിനി യാദവിന്റേത്. ശാലിനിയെ മുഹമ്മദ് ഫൈസല്‍ എന്നയാള്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തിയെന്നും ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിലേക്ക് മതംമാറ്റിയെന്നും കാണിച്ച് ഓഗസ്റ്റ് ഏഴിനാണ് ശാലിനിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ശാലിനിയെ യുവാവ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായും അമ്മ പരാതിപ്പെട്ടിരുന്നു. 

എന്നാല്‍ നാലു ദിവസങ്ങള്‍ക്കു ശേഷം ശാലിനി സംഭവം വിശദീകരിച്ച് വിഡിയോ പുറത്തു വിട്ടു. ഇതു വൈറലായിരുന്നു. സ്വമനസ്സാലെയാണ് മതം മാറിയതെന്നും വിവാഹം ചെയ്തതെന്നും ശാലിനി വ്യക്തമാക്കി. ഈ സത്യപ്രസ്താവനയും രേഖകളും ദല്‍ഹി സെഷന്‍സ് കോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും സമര്‍പ്പിച്ചതാണെന്നും ശാലിനി വ്യക്തമാക്കിയിരുന്നു. ഫൈസ ഫാത്തിമ എന്നു പേരു സ്വീകരിച്ച ശാലിനിയും ഭര്‍ത്താവ് മുഹമ്മദ് ഫൈസലും ഇപ്പോള്‍ ദല്‍ഹിയിലാണ് കഴിയുന്നത്. തന്റെ നിലാപടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും കേസ് വ്യാജമാണെന്നും ഫൈസ പറയുന്നു. 'ഞാന്‍ ഒരു എംബിഎ ബിരുദധാരിയാണ്. ആര്‍ക്കെങ്കിലും ബലപ്രയോഗത്തിലൂടെ തീരുമാനം എടുപ്പിക്കാനാകുമെന്ന് കരുതുന്നുണ്ടോ? ഞാനിപ്പോഴും ഒരു കൊച്ചു പെണ്‍കുട്ടിയാണോ?' 22കാരിയായ ഫൈസ ചോദിക്കുന്നു.

പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് എന്‍ഡിടിവി സംഘം അന്വേഷിച്ചെങ്കിലും ഇവരുടെ അമ്മയുടെ പക്കലില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു. 

വിശ്വസനീയ തെളിവുകളില്ലാത്ത കേസാണിതെങ്കിലും ഓഗസ്റ്റ് 20ന് ശാലിനിയുടെ വിഡിയോ പങ്കുവെച്ച മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഇതൊരു 'ലവ് ജിഹാദ്' ഉദാഹരണമാണെന്ന്് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ട്വീറ്റിനു പിന്നാലെയാണ് യുപി പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. 14 കേസുകള്‍ പോലീസുകള്‍ അന്വേഷണത്തിനെടുത്തെങ്കിലും ശാലിനിയുടേത് ഉള്‍പ്പെടെ കാന്‍പൂരിലെ ജുഹി കോളനിയിലെ മൂന്ന് പ്രണയ വിവാഹങ്ങളായിരുന്നു അന്വേഷത്തിന്റെ കാതല്‍.

പല കേസുകളിലും പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കു വേണ്ടി കേസുകള്‍ നടത്തുന്നത് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദള്‍ ആണെന്നും എന്‍ഡിടിവി റിപോര്‍്ട്ട് ചെയ്യുന്നു. പോലീസില്‍ പരാതി നല്‍കാനും തുടര്‍ന്നുന്ന നടപടികള്‍ക്കും കുടുംബങ്ങള്‍ക്ക് സഹായിക്കുന്നത് ഈ സംഘടനാ നേതാക്കളാണ്.

ഈ കേസുകളുടെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ബജ്‌റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും യോഗി സര്‍ക്കാരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതായും ഇതുവഴിയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെടുന്നതെന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ലവ് ജിഹാദ് ആരോപണ ട്വീറ്റ് വന്നതിനു അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സര്‍ക്കാരിനെ സമീപിച്ചത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇവരെ പഠിപ്പിക്കാന്‍ ബജ്‌റംഗ് ദള്‍ രംഗത്തിറങ്ങുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഈ അക്രമ ഭീഷണിക്കെതിരെ നടപടി എടുക്കുന്നതിനു പകരം സര്‍ക്കാര്‍ പ്രത്യേക അന്വേഷണം രൂപീകരിച്ച് ഓഗസ്റ്റ് 29ന് ഉത്തരവിറക്കുകയാണ് ചെയ്തത്. 

Latest News