കേരളത്തിലെ കലാലയങ്ങളിൽ രാഷ്ട്രീയവും പഠനവും ഒന്നിച്ചു പോകില്ല. കാമ്പസ് അന്തരീക്ഷം കലുഷിതമാക്കുന്ന വിദ്യാർത്ഥികളെ പ്രിൻസിപ്പലിനോ കോളേജ് അധികൃതർക്കോ പുറത്താക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കവും ധർണയും പട്ടിണി സമരവുമൊന്നും വേണ്ട. പഠനമാണ് നടക്കേണ്ടത്. -കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കലാലയങ്ങളിലെ രാഷ്ട്രീയ ബോധം-എം.എ. ബേബി
ഇന്ത്യൻ ഭരണഘടന പ്രകാരം 18 വയസ്സ് പൂർത്തിയായ ഓരോരുത്തർക്കും വോട്ടവകാശമുണ്ട്. രാജ്യത്തിന്റെ ഭരണാധികാരികളെ നിശ്ചയിക്കാനുളള പൗരാവകാശം തുടങ്ങുന്നത് അതുകൊണ്ട് തന്നെ കലാലയ കാലഘട്ടത്തിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയ സമീപനങ്ങളിൽ എന്നും വിദ്യാർത്ഥികളുടെ പങ്ക് നിസ്തുലമാണ്. ആയതിനാൽ വിദ്യാർത്ഥി രാഷ്ട്രീയം പൂർണമായും ഇല്ലാതാക്കുന്നത് വിരോധാഭാസമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്റെ അഭാവത്തിലും പാഠ്യേതര വിഷയങ്ങളിലും സാമൂഹ്യ ഇടപെടലുകൾക്കും എന്നും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങിയിട്ടുള്ള ചരിത്രമാണുളളത്.
കൊല്ലം പ്രാക്കുളം എൻ.എസ്.എസ് സ്‌കൂളിൽ വിദ്യാർത്ഥിയായ കാലഘട്ടത്തിൽ നടത്തപ്പെട്ട സാഹിത്യ സമാജങ്ങളാണ് എന്നിൽ പൊതുപ്രവർത്തകൻ എന്ന ചിന്ത ജനിപ്പിച്ചത്. മൽസരങ്ങളും കൂട്ടായ്മകളും അതിന് വളമായി. പിന്നീട് എത്തുന്നത് കൊല്ലം എസ്.എൻ കോളേജിലാണ്. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എസ്.എഫ്.ഐയുടെ ആദ്യരൂപമാണ് കെ.എസ്.എഫ്. പിന്നീട് സജീവ പ്രവർത്തകനായി. കലുഷിതമായ കാമ്പസുകളല്ല സൗഹൃദപരമായ രാഷ്ട്രീയമായിരുന്നു അന്നുണ്ടായിരുന്നത്. അവകാശങ്ങൾക്കായി രാഷ്ട്രീയം മറന്ന് ഒന്നാകും. കോൺഗ്രസിലെ പ്രമുഖനായ രാജ്‌മോഹൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം മുകേഷ് (കൊല്ലം എം.എൽ.എ), ഡോ.എ. റസലുദ്ദീൻ, വി.ഹരികുമാർ അങ്ങനെ നിരവധി പേരുണ്ടായിരുന്നു കോളേജിൽ. ഇന്നും ആ സൗഹൃദങ്ങൾ ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നുണ്ട്. എന്നെ കുറഞ്ഞ വോട്ടുകൾക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ കാമ്പസിൽ തോൽപിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് എതിർ ചേരിയിലുളളവരുമായി പരസ്പരം തുറന്ന ചർച്ചകൾ നടത്താറുണ്ടായിരുന്നു. ഇത് എതിർ ചേരിയിലുളള പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ നമുക്ക് മനസ്സിലാക്കാനുളള വേദികളായി മാറുന്നതായി തോന്നിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരുമായി തുറന്ന ചർച്ചകൾ വിദ്യാർത്ഥി കാലഘട്ടത്തിൽ നടത്തിയിട്ടുണ്ട്. അന്നത്തെ കലാലയ രാഷ്ട്രീയത്തിലെ മുൻനിരയിലുളളവരാണ് ഇന്നിന്റെ രാഷ്ട്രീയത്തിലെ പ്രമുഖർ.
1960 കളിൽ വർണ വിവേചനത്തിനും വിയറ്റ്‌നാം യുദ്ധത്തിനുമെതിരെ അമേരിക്കയിലും 1989 ൽ ചൈനയിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുമുളള വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ മാനുഷിക മൂല്യങ്ങൾക്കുളള പ്രാധാന്യത്തെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. 1936 ൽ ലഖ്‌നൗവിൽ ആണ് എ.ഐ.എസ്.എഫ് വിദ്യാർത്ഥി പ്രസ്ഥാനം പിറവിയെടുത്തത്. മുഹമ്മദലി ജിന്നയുടെ അധ്യക്ഷതയിൽ രൂപീകരണ സമ്മേളനം ജവാഹർലാൽ നെഹ്‌റുവായിരുന്നു ഉദ്ഘാടനം ചെയ്തത്. പ്രേം നാരായൺ ഭാർഗവ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനറൽ സെക്രട്ടറി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ടതായിരുന്നു വിദ്യാർത്ഥി കൂട്ടായ്മ.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അഖിലേന്ത്യാതലത്തിൽ നടത്തിയ വിദ്യാർത്ഥി സമരങ്ങൾ ചരിത്രത്തിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൊണ്ടാണ് നീതിന്യായം അടക്കമുള്ള ആധുനിക ജനാധിപത്യ സംവിധാനങ്ങൾ രാജ്യത്തുണ്ടായത്. കലാലയങ്ങളിൽ ആക്രമണുണ്ടാവുന്നതാണ് പലരും ആരോപിക്കപ്പെടുന്ന ഒരു കുറ്റം. എന്നാൽ സമൂഹത്തിലുണ്ടാവുന്ന അക്രമങ്ങളുടെ പ്രതിഫലനം മാത്രമാണ് കലാലയങ്ങളിലുണ്ടാവുന്നത്. സമൂഹത്തിൽ അക്രമങ്ങളുണ്ടാവുമ്പോൾ അതിന്റെ പ്രതിധ്വനി സ്വാഭാവികമായും കാമ്പസുകളിലുമുണ്ടാകും. അതുകൊണ്ട് സമൂഹത്തിൽ അക്രമങ്ങളില്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കലല്ല.
കാമ്പസുകൾ ആശയങ്ങളുടെ വിളനിലം -ബിനോയ് വിശ്വം
കേരളത്തിലെ കാമ്പസുകൾ രാഷ്ട്രീയ വിമുക്തമാക്കണമെന്ന ഹൈക്കോടതിയുടെ ശാഠ്യം പുതുതലമുറയുടെ ചിന്തകൾക്ക് മേൽ പിടിമുറുക്കാൻ വർഗീയ ശക്തികൾക്കും അരാജക വാദികൾക്കും ശക്തി പകരും.
രോഗ കാരണം കണ്ടെത്തത്താതെയുള്ള ചികിൽസയാണത്. നിഷേധാത്മകമായ ഫലങ്ങളേ അതു ഉളവാക്കൂ.എല്ലാ തരത്തിലുമുളള അറിവുകളുടെ വിസ്‌ഫോടനം നടക്കുന്ന കാലമാണിത്.
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംവാദങ്ങൾ കൂടുതലായി നടക്കേണ്ട സന്ദർഭം.കാമ്പസുകൾ അത്തരം അർത്ഥപൂർണമായ ആശയങ്ങളുടെ വിളനിലങ്ങളാവുകയാണ് വേണ്ടത്.ഈ മൗലികമായ സത്യമാണ് ഹൈക്കോടതി കാണതെ പോയത്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഇന്നത്തെ ശൈലി മാറുക തന്നെ വേണം.മുതിർന്നവർ കയ്യാളുന്ന രാഷ്ട്രീയത്തിലെ എല്ലാ ജീർണ്ണിച്ച ശീലങ്ങളും ഏറ്റുവാങ്ങേണ്ട കുപ്പത്തൊട്ടിയാവരുത് വിദ്യാർത്ഥി രാഷ്ട്രീയം.അത് പണക്കൊഴുപ്പും കയ്യൂക്കും ജാതിമത ചിന്തകളും മലീമസമാക്കിയ പുതുരാഷ്ട്രീയത്തിന്റെ പുതിയ പതിപ്പുകളായി അധപതിക്കരുത്.അത്തരം അധഃപതനമാണ് കോടതി അടക്കമുളള കേന്ദ്രങ്ങൾക്ക് അരാഷ്ട്രീയ വാദം ഉയർത്താൻ വഴിതെളിക്കുന്നത്.സ്‌കൂൾ വിദ്യാഭ്യാസം കാലം മുതൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയ ഒരാളാണ് ഞാൻ. പിൽക്കാല ജീവിതത്തിൽ അഴിമതിക്കും അനീതികൾക്കും വശംവദനാവാതിരിക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ആ മൂല്യബോധം ഉണ്ടാക്കിയതിൽ എ.ഐ.എസ്.എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലതാണ്.അക്കാലത്തും തർക്കങ്ങളും ശക്രങ്ങളുമുണ്ടായിട്ടുണ്ട്.അത് പക്ഷേ പരസ്പരം കുത്തിക്കീറിക്കൊണ്ടായിരുന്നില്ല.ഒരു അനുഭവം ഇവിടെ പങ്കുവെക്കാൻ തോന്നുകയാണ്.
കളമശ്ശേരി സെൻ പോൾസ് കൊളേജ് യൂണിയൻ ചെയർമാനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടു.കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടതുപക്ഷക്കാരൻ ജയിക്കുന്നത്.ഞങ്ങളുടെ ആഹ്ലാദ പ്രകടനത്തെ കടന്നാക്രമിച്ചു കൊണ്ടാണ് പുറത്ത് നിന്ന് വന്ന കോൺഗ്രസ്-ഐ.എൻ.ടി.യുസി പ്രവർത്തകർ പരാജയത്തിന്റെ ക്ഷീണം മൂടിവെച്ചത്.അന്ന് എന്റെ തല തല്ലിപ്പൊട്ടിക്കാൻ അവർ ചുഴറ്റിയ സൈക്കിൾ ചെയിൻ പെട്ടൊന്നരാൾ വന്ന് പിടിച്ചു നിർത്തി. ബിനോയിയെ ഇനി തല്ലാൻ ഞാൻ സമ്മതിക്കില്ല എന്ന് അയാൾ വിളിച്ചു പറഞ്ഞു.അര മണിക്കൂർ മുമ്പ് ഞാൻ തോൽപിച്ച കെ.എസ്.യു സ്ഥാനാർത്ഥി അഷ്‌റഫ് ആയിരുന്നു അത്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭൂതകാല വഴികളിൽ ഇത്തരം ഒരുപാട് സംഭവങ്ങൾ വീണുകിടപ്പുണ്ട്. എന്റെ മുമ്പിലിട്ട് പോലീസ് തല്ലിയ എസ്.എഫ്.ഐ പ്രവർത്തകനെ തല്ലരുത് എന്ന് പറഞ്ഞതിനാണ് അന്ന് എ.ഐ.എസ്.എഫ് പ്രസിഡണ്ടായിരുന്ന എനിക്ക് ഭീകരമായ പോലീസ് മർദനം ഏൽക്കേണ്ടി വന്നത്. മറക്കാൻ കഴിയാത്ത ഇത്തരം ഓർമകളുടെ ഉൾച്ചൂട് പേറിക്കൊണ്ടാണ് ഞങ്ങൾ നേരായ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വേണ്ടി വാദിക്കുന്നത്.
കേരളത്തിലെ കലാലയങ്ങളിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയ ഒരു രാഷ്ട്രീയകാലത്തെ കഥകൾ ഏറെയുണ്ട്. കലയും രാഷ്ട്രീയവും സാഹിത്യവും സിനിമയും ചരിത്രവും തത്വചിന്തയും ഫാഷനും ട്രൻഡും സമം ചേർത്തൊരു കലാലയ കാലം. ക്ലാസ് മുറികളിൽ നിന്ന് രാഷ്ട്രീയത്തെ പടിയടച്ച് പുറത്താക്കുമ്പോൾ പൊയ്‌പ്പോയ കാലത്തിന്റെ ഇന്നലെയുടെ രാഷ്ട്രീയ കലാലയ ജീവിതത്തിക്കേ് മടങ്ങിപ്പോവുകയാണ് കലാലയ രാഷ്ട്രീയത്തിലൂടെ ചുവടുവെച്ചുയർന്ന് കേരള രാഷ്ട്രീയത്തിലെ അധികായകന്മാരും മുൻമന്ത്രിമാരുമായ എം.എ ബേബി, വി.എം.സുധീരൻ, ബിനോയ് വിശ്വം എന്നിവർ.
കോടതികൾ യാഥാർത്ഥ്യ ബോധം ഉൾക്കൊള്ളണം -വി.എം.സുധീരൻ
കലാലയ രാഷ്ട്രീയം സംബന്ധിച്ച് അടുത്തിടെയുണ്ടായ ഹൈക്കോടതി വിധി യാഥാർത്ഥ്യങ്ങളെ പൂർണമായി ഉൾക്കൊളളാതെയാണ് ഉണ്ടായിട്ടുളളത്. കലാലയ രാഷ്ട്രീയത്തിലൂടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ക്രിയാത്മകവും സർഗാത്മകവുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുളളത്. വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയക്ക് വരെ ഇത് വലിയ സഹായമായിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്താൻ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സർവകലാശാല ഭരണത്തിൽ സെനറ്റിലും സിണ്ടിക്കേറ്റിലും മറ്റു സമിതികളിലും ഉൾപ്പെട്ട് വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ കാര്യത്തിലും ആവശ്യമായ സേവനങ്ങൾ ചെയ്യാൻ പഠനകാലത്ത് കെ.എസ്.യു നടത്തിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു.
ഏഷ്യയിൽ ആദ്യമായി സർവ്വകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രാതിനിധ്യമുണ്ടായത് കേരളത്തിലാണ്. സർക്കാർ-സ്വകാര്യ കോളേജുകളിലെ ഫീസ് ഏകീകരണത്തിലും
അധ്യാപകർക്ക് ഡയറ്റ് പേയ്‌മെന്റ് ഏർപ്പെടുത്തിയതിലും കെ.എസ്.യുവിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. എസ്.എസ്.എൽ.സി, പ്രി ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ്.
ഉമ്മൻ ചാണ്ടി കെ.എസ്.യു ചെയർമാനും ഞാനും പി.സി. ചാക്കോ, കടന്നപ്പള്ളി എന്നിവർ ജനറൽ സെക്രട്ടറിമാരായ കാലത്ത് ഓണത്തിന് ഒരു പറ നെല്ല് എന്ന ആകർഷകമായ പദ്ധതി വിജയിപ്പിച്ചത് ഇന്നും ഓർമ്മയിലുണ്ട്. ഞാനന്ന് തൃശൂർ സെന്റ് തോമസിലാണ് പഠിക്കുന്നത്. ഉമ്മൻ ചാണ്ടി ലോ കോളേജിലും.
വിദ്യാർത്ഥി സംഘടനകൾക്ക് കെട്ടുറപ്പും ആദർശവും സൗഹൃദങ്ങളുമുണ്ടായ കാലഘട്ടത്തിലാണ് എന്റെ കലാലയ ജീവിതം.
സംഘടനകൾ തമ്മിൽ മാത്രമല്ല അധ്യാപക-വിദ്യാർത്ഥി ബന്ധവും അന്ന് കാത്ത് സൂക്ഷിച്ചിരുന്നു. സെന്റ് തോമസ് കോളേജിലെ പ്രിൻസിപ്പൽ ഫാദർ തോമസ് മൂത്തേടനുമായുളള അടുപ്പം ഇന്നും ഓർമ്മയിൽ സുഖം പകരുന്ന ഒന്നാണ്.
കോളേജുകളിൽ വിദ്യാർത്ഥി കൂട്ടായ്മയിൽ സമരങ്ങളുണ്ടായത് പൊതു ആവശ്യങ്ങൾക്കായിരുന്നു. അനാവശ്യ സമരങ്ങൾ ഒഴിവാക്കുമായിരുന്നു.ജാതി-മത-വർഗീയ ചിന്തകൾക്കതീതമായി, ലഹരി ഉപഭോഗത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചായിരുന്നു കാലലയങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.
എതിർ ചേരിയിലുളള സംഘടനയിൽ പെട്ടവരോട് പോലും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.
ഞാൻ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്ത് സി.ഭാസ്‌കരനായിരുന്നു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട്.
ഞങ്ങൾ നിരവധി കോളേജുകളിലേക്ക് പ്രസംഗിക്കാനായി ഒരുമിച്ചായിരിക്കും യാത്ര, ഒരുമിച്ചായിരിക്കും വേദി പങ്കിടുന്നതും. വ്യത്യസ്ത
ആശയക്കാരാണെങ്കിലും ഞങ്ങൾ വളരെ ആത്മബന്ധത്തിലായിരുന്നു. ഒരിക്കൽ വർക്കല എസ്.എൻ കോളേജിൽ ഒരു പൊതുപരിപാടി ഉദ്ഘാടകൻ സാഹിത്യകാരൻ കേശദേവും,
മുഖ്യ പ്രഭാഷകർ ഞാനും ഭാസ്‌കരനുമായിരുന്നു.
പ്രതിഭാശാലിയ ഭാസ്‌കരൻ പക്ഷേ പിന്നീട് ഇടതു രാഷ്ട്രീയ രംഗത്ത് സജീവമാവാത്തതിന് കാരണം ഇന്നും എനിക്ക് മറുപടി കിട്ടാത്ത ചോദ്യമാണ്. അക്രമങ്ങൾ കുറവായ കലാലയങ്ങളായിരുന്നു അന്നുണ്ടായിരുന്നത്.ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ കലാലയങ്ങളിൽ സൗഹൃദത്തിനായിരുന്നു മുൻതൂക്കമുണ്ടായിരുന്നത്.