ലഖ്‌നൗ- യുപിയിലെ ഹാഥ്‌റസില്‍ ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കള്‍ ചേര്‍ന്ന് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ് അന്വേഷിക്കുന്ന സിബിഐ, മുന്‍ ജില്ലാ പോലീസ് സുപ്രണ്ട് വിക്രാന്ത് വീറിനേയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പിപി മീണയേയും ചോദ്യം ചെയ്‌തേക്കും. പെണ്‍കുട്ടി പീഡനത്തിനിരായ ആഴ്ചകള്‍ക്കു ശേഷമാണ് പോലീസ് നടപടികള്‍ സ്വീകരിച്ചത്. ഇതിലെ വീഴ്ചകള്‍ സംബന്ധിച്ചായിരിക്കും അന്നത്തെ ജില്ലാ പോലീസ് മേധാവി വിക്രാന്ത് വീറിനെ ചോദ്യം ചെയ്യുക എന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പിന്നീട് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ദഹിപ്പിച്ചതും പോലീസായിരുന്നു. ഇതു വലിയ കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിക്രാന്ത് വീറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ചായിരിക്കും ഐഎഎസ് ഓഫീസറായ പിപി മീണയെ ചോദ്യം ചെയ്യുകയെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സിബിഐ അന്വേഷണ സംഘം ഇതുവരെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടേയും ആറു പോലീസ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പ്രതികളായ നാലുപേര്‍ ജയിലിലാണ്. അവരുടെ ബന്ധുക്കളേയും സിബിഐ ചോദ്യം ചെയ്തിരുന്നുു.