ന്യൂദല്‍ഹി- മരടിലെ ഫഌറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍ കണ്ടുകെട്ടിയ വസ്തുവകകള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കുമെന്നു ഫഌറ്റ് നിര്‍മാതാക്കളോടു സുപ്രീം കോടതി. നഷ്ടപരിഹാര തുക എങ്ങനെ അടച്ചു തീര്‍ക്കാമെന്നു നിര്‍ദേശങ്ങള്‍ എഴുതി നല്‍കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, നഷ്ടപരിഹാര സമിതിയെ പിരിച്ചുവിടണമെന്ന ഫഌറ്റ് നിര്‍മാതാക്കളുടെ ആവശ്യം തള്ളി.
നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ കാലാവധി ജസ്്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നീട്ടിനല്‍കി. കൂടാതെ സമിതിയുടെ ആവശ്യപ്രകാരം മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. കേസ് വീണ്ടും ഡിസംബറില്‍ പരിഗണിക്കും. മരട് ഫഌറ്റുമായി ബന്ധപ്പെട്ട കേസുകളും കേരളത്തിലെ തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളും ഡിസംബറില്‍ ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.