മുംബൈ/ന്യൂദല്‍ഹി-ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യ ഹരജിയില്‍ ബോംബെ ഹൈക്കോടതി ശനിയാഴ്ചയും വാദം തുടരും. റിപ്പബ്ലിക് ടിവിയില്‍ന്ന് കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ആര്‍ക്കിടെക്ടും അമ്മയും ആത്മഹത്യ ചെയ്തുവെന്ന കേസിലാണ് അര്‍ണബിനെ മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അതിനിടെ, അര്‍ണബ് ഗോസ്വാമിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടീസയച്ചതുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ കോടതിലക്ഷ്യ നോട്ടീസ്. അവകാശ ലംഘന നോട്ടീസിലെ വിവരങ്ങള്‍ കോടതിയെ അറിയിക്കരുതെന്ന് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അവകാശ ലംഘന നോട്ടീസിന്റെ പേരില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരേയുള്ള പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമസഭാ സെക്രട്ടറി അവകാശ ലംഘനത്തിനു അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസയച്ചത്. ഇതില്‍ നിയമസഭാ നടപടികള്‍ രഹസ്യാത്മകമായതിനാല്‍ നോട്ടീസിലെ വിവരങ്ങള്‍ കോടതിയെ അറിയിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നത് ഗോസ്വാമിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. നോട്ടീസില്‍ ഇങ്ങനെ രേഖപ്പെടുത്താന്‍ എന്ത് അധികാരമാണുള്ളതെന്നു ചോദിച്ച കോടതി, ഇതു തയാറാക്കിയ ഉദ്യോഗസ്ഥന് ഭരണഘടനയുടെ 32ാം വകുപ്പിനെ കുറിച്ച് അറിയില്ലേയെന്നും ആരാഞ്ഞു. കോടതിയെ സമീപിക്കുന്നതില്‍ നിന്നു ഒരാളെ ബോധപൂര്‍വം തടയാന്‍ ശ്രമിക്കുകയും പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയുമാണ് കത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത് കോടതിയലക്ഷ്യമാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.