Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശത്തിലെ പിശകിന് ക്ഷമ ചോദിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വീറ്റിലെ പിശകില്‍ ക്ഷമ ചോദിച്ച് ആക്ടിവിസറ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.


മധ്യപ്രദേശ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹെലിക്കോപ്റ്റര്‍ നല്‍കിയതിനെ കുറിച്ചായിരുന്നു ഒക്ടോബര്‍ 21ന് നല്‍കിയ ട്വീറ്റ്.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന കേസ് പരിഗണനയിലിരിക്കെയാണ് കന്‍ഹ ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതിന് ചീഫ് ജസ്റ്റിസ് മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക ഹെലിക്കോപ്റ്റര്‍ സ്വീകരിച്ചതെന്നായിരുന്നു ആരോപണം.

മധ്യപ്രദേശില്‍ കൂറുമാറിയ എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പിക്കുന്ന വിഷയത്തിലായിരുന്നു കേസ്.
ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ച മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ തിരുത്ത്. ഇനി ഇവരുടെ തെരഞ്ഞെടുപ്പ് അനുസരിച്ചാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭാവിയെന്നും മന്ത്രിപദവി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന്റെ അടസ്ഥാനത്തിലല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പുതിയ ട്വീറ്റില്‍ പറയുന്നു. പഴയ ട്വീറ്റില്‍ സംഭവിച്ച പിശകില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


28 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിസ്ഥാനം സ്വീകരിച്ച എം.എല്‍.എമാര്‍ക്കെതിരായ കേസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
കോടതിയലക്ഷ്യ കേസില്‍ ഓഗസ്റ്റ് 31 ന് സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴശിക്ഷ വിധിച്ചിരുന്നു.

 

Latest News