റിയാദ് - കഴിഞ്ഞ മാസം മുപ്പതിനുണ്ടായ ഭൂകമ്പത്തില്‍ വന്‍ കെടുകള്‍ നേരിട്ട തുര്‍ക്കിക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വഴി തുര്‍ക്കിയില്‍ അടിയന്തിര മെഡിക്കല്‍, ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കാനാണ് നിര്‍ദേശം. തുര്‍ക്കിയിലെ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാനും, ജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ശ്രമിച്ചാണ് സഹായ പ്രഖ്യാപനം. വിവിധ പ്രതിസന്ധികളിലും ദുരിതങ്ങളിലും ദുരന്തബാധിതര്‍ക്കൊപ്പം നിലയുറപ്പിച്ച് സൗദി അറേബ്യ വഹിക്കുന്ന മാനുഷിക പങ്കിന്റെ തുടര്‍ച്ചയെന്നോണമാണ് തുര്‍ക്കിക്കുള്ള സഹായമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഈ മാസം മുപ്പതിനുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 114 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭൂകമ്പത്തില്‍ ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത് തുര്‍ക്കിയിലെ ഇസ്മീര്‍ നഗരത്തിലാണ്. റിക്ടര്‍ സ്‌കെയിലില്‍ ഏഴു ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഈജിയന്‍ കടലിലായിരുന്നു.