വാഷിംഗ്ടണ്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ് മഹാമാരിയെ പൂര്‍ണമായും നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ജോ ബൈഡന്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായി വരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബൈഡന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ ഉടനെ ഇതിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധിക്കുമെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബൈഡന്‍ പറഞ്ഞു. വലിയ സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയും കൂടുതല്‍ ആളുകളെ വീട്ടില്‍ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റെടുത്ത ശേഷം കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ വിതരണവും വ്യാപകമാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.