ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. അതേസമയം, പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രണ്ട് വര്‍ഷമായിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, അജയ് റസ്‌തോഗി, ഹേമന്ത് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്.കോടതികള്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സന്ദര്‍ഭങ്ങള്‍ ഹാജരാക്കാന്‍ പേരറിവാളന്റെ അഭിഭാഷകനോട് ജസ്റ്റിസ് റാവു ആവശ്യപ്പെട്ടു. എന്നാല്‍ രാജീവ് വധത്തിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐയുടെ റിപ്പോര്‍ട്ട് കിട്ടാതെ നടപടിയെടുക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാടെന്ന് തമിഴ്‌നാട് അഡി. അഡ്വക്കേറ്റ് ജനറല്‍ ബാലാജി ശ്രീനിവാസന്‍ കോടതിയെ അറിയിച്ചു