Sorry, you need to enable JavaScript to visit this website.

ആ അർത്ഥത്തിൽ ഞാനും പൂർവകാല സംഘി- സി.പിഎം നേതാവ് പി.എം മനോജ്

കൊച്ചി- ശാഖയിൽ പോയി എന്നതിന്റെ പേരിലാണ് ഒരാളെ സംഘിയാക്കുന്നതെങ്കിൽ ആ അർത്ഥത്തിൽ ഞാനും പൂർവ്വകാല സംഘിയാണെന്ന് സി.പി.എം നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി.എം മനോജ്. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മനോജ് ഇക്കാര്യം പറഞ്ഞത്. കേരള വിദ്യാഭ്യാസ മന്ത്രി ഡോ. രവീന്ദ്രനാഥ് ശാഖയിൽ പോയിരുന്ന ആളായിരുന്നുവെന്നും എ.ബി.വി.പി സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു എന്നുമുള്ള അനിൽ അക്കരെ എം.എൽ.എയുടെ ആരോപണത്തിനുള്ള മറുപടിയിലാണ് മനോജ് തന്റെ പൂർവകാല ശാഖാ ബന്ധം വെളിപ്പെടുത്തിയത്. 
സ്‌കൂൾ വിദ്യാർഥിയായിരിക്കെയാണ് ഞാൻ ശാഖയിൽ പോയിരുന്നതെന്ന് മനോജ് പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടര മുതൽ രണ്ടര വരെയുള്ള ഇടവേളകളിലാണ് ശാഖ പ്രവർത്തിച്ചിരുന്നതെന്നും കൂത്തുപറമ്പ് സ്‌കൂളിന് സമീപമുള്ള കണിയാർ കുന്നിലെ ഒരു പറമ്പിലായിരുന്നു ശാഖയെന്നും മനോജ് പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശാഖയിൽ കബഡി കളിയാണ്. നല്ല രസം. പിന്നെ പാട്ട്. നമസ്‌തേ സദാ വത്സലേന്നോ മറ്റോ. ചില ചേട്ടൻമാർ കുറെ കഥകളും പറഞ്ഞു തരും. എല്ലാം ചേർന്നാൽ ഒരോളമായിരുന്നു. പതുക്കെ മുസ്്‌ലിംകൾക്കെതിരെ പറയാൻ തുടങ്ങി. അപ്പൊഴാണ് പന്തികേട് തോന്നിയത്. ആരെയും അറിയിക്കാതെയാണ് ശാഖയിൽ പോയിത്തുടങ്ങിയത്. അതുപോലെ പിന്മാറുകയും ചെയ്തു. ഇത് എന്റെ മാത്രമല്ല, തിരിച്ചറിവില്ലാത്ത പ്രായത്തിൽ അങ്ങനെ ചെന്നുപെട്ട അനേകരുടെ അനുഭവമാണ്. ആ അർത്ഥത്തിൽ ഞാനും പൂർവകാല സംഘിയാണ്. 

ആർ എസ് എസ് വെട്ടിക്കൊന്ന അത്‌ലിറ്റ് സത്യന്റെ കുടുംബത്തിന് കൊടുക്കാനെന്ന പേരിൽ പിരിവു നടത്തി വെട്ടിച്ച ഖദറിന്റെ പാരമ്പര്യമേ അനിൽ അക്കരയ്ക്കറിയൂ. കോൺഗ്രസിലിരുന്ന് സംഘിയാകുന്നവരെ മാത്രമേ അക്കര സ്വന്തം കരയിൽ കണ്ടിട്ടുള്ളൂ. ഒരു കാലത്ത് ആർ എസ് എസ് എസ് പിടികൂടാൻ ശ്രമിച്ചവരും ആ പാളയത്തിൽ എത്തിപ്പെട്ടവരും പിന്നീട് വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐമ്മിലെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോകനും മലബാർ ദേവസ്വം ബോഡ് പ്രസിഡന്റ് ഒ കെ വാസുമാഷും ആരായിരുന്നു എന്ന് അന്വേഷിച്ചു നോക്കൂ. അങ്ങനെ ബി ജെ പി ഉപേക്ഷിച്ച് ഒരാളെങ്കിലും കോൺഗ്രസിൽ എത്തിയിട്ടുണ്ടോ? ആർ എസ്.എസ്.എസിന്റെ ഒരു കൊലപാതകത്തിനെതിരെയെങ്കിലും കോൺഗ്രസ് ശബ്ദിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വരെ ബിജെപിയിലേക്ക് ഇടിച്ചു കയറുന്നത്? എന്തിനാണ് പിണറായിയുടെ തല കൊയ്യാനും മാർക്‌സിസ്റ്റുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കാനും ബിജെപി നേതാക്കൾ ആക്രോശിച്ച് ആഹ്വാനം മുഴക്കുന്നത്? നിങ്ങൾക്ക് തലയും കണ്ണുമൊന്നും ഇല്ലാഞ്ഞിട്ടാണോണോ അക്കരേ? അതോ നിങ്ങളോട് ആശാൻ ക്ഷമിച്ചതു കൊണ്ടോ? 

രവീന്ദ്രൻ മാഷുടെ ജാതകം അന്വേഷിച്ചു നടക്കുന്ന യുവ എം എൽ എ നേരം കിട്ടുമ്പോൾ എഐസിസി അധ്യക്ഷയുടെ യൗവ്വനകാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷിച്ച് നോക്കണം, രസകരമായ വല്ലതും കിട്ടിയേക്കും. ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ സ്വന്തം ബോധ്യങ്ങളിൽ നിന്ന് രാഷ്ടീയ അഭിപ്രായം രൂപപ്പെടുത്തുന്നവരാണ്. രവീന്ദ്രൻ മാഷ് നിങ്ങൾ ആരോപിക്കുന്നതു പോലെ വിദ്യാർത്ഥി കാലത്ത് എ ബി വി പി യെ തൊട്ടിരുന്നു എന്നു തന്നെ വെക്കുക  അതു കൊണ്ട് എന്താണ്? ഞങ്ങൾ ആർഎസ്എസിനെതിരെ നട്ടെല്ലു നിവർത്തി നിൽക്കുന്നതിൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പകൽ കോൺഗ്രസും ഇരുട്ടിയാൽ ആർ എസ് എസും ആകുന്നവർ അനിലിന്റെ കരയിലുണ്ട്. പേരുകൾ എ കെ ആന്റണി പറഞ്ഞു തരും. പോയി അവരോട് കളിക്കൂ.
 

Latest News