ഷെഫിൻ ജഹാൻ കോടതിയിൽ അപേക്ഷ നൽകി.
ന്യൂദൽഹി- ഹാദിയ കേസിൽ നാളെ സുപ്രീം കോടതിയിൽ നിർണായക വാദം നടക്കാനിരിക്കെ എൻ.ഐ.എ കോടതിയലക്ഷ്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കോടതിയലക്ഷ്യം നടത്തിയ എൻ.ഐ.എക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഷെഫിൻ ജഹാൻ അപക്ഷ നൽകിയത്. ഹാദിയ കേസിൽ റിട്ടയേർഡ് ജഡ്ജ് ജെ. രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഓഗസ്റ്റ് 16ന് ഇക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാകില്ലെന്ന് ജസ്റ്റീസ് രവീന്ദ്രൻ അറിയിച്ചു.
എന്നാൽ എൻ.ഐ.എ അന്വേഷണവുമായി മുന്നോട്ടുപോകുകയും കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാകില്ലെന്ന് സെപ്തംബർ നാലിന് തന്നെ രവീന്ദ്രൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെ ജസ്റ്റീസിന്റെ മേൽനോട്ടമില്ലാതെ തന്നെ അന്വേഷണവുമായി മുന്നോട്ടുപോയ എൻ.ഐ.എ ഇക്കഴിഞ്ഞ 27-ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എൻ.ഐ.എ യുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നാണ് ഷെഫിൻ ജഹാൻ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
ഹാദിയയെ അവൾ ഇപ്പോൾ കഴിയുന്ന വീട്ടിൽനിന്നും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാൻ കേരള ഡി.ജി.പിക്ക് നിർദ്ദേശം നൽകണമെന്നും ഷെഫിൻ ജഹാൻ അപേക്ഷ നൽകി.
ഹാദിയയുടെ ആരോഗ്യനില പരിശോധിക്കുന്നതിനായ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഹാദിയയുടെ മാനസിക-ശാരീരിക നില പരിതാപകരമാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെടുന്നു. നാളെ ഹാദിയ കേസിൽ ഷെഫിൻ ജഹാന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേ, കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ഹാജരാകും.