ബംഗാളില്‍ ബിജെപി 200 സീറ്റ് നേടുമെന്ന് അമിത് ഷാ; ദിവാ സ്വപ്‌നമെന്ന് തൃണമൂല്‍

കൊല്‍ക്കത്ത- മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ 200 സീറ്റും ബിജെപി നേടുമെന്ന് അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പു പരിപാടികളുടെ ആസൂത്രണത്തിനായി രണ്ടു ദിവസം ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ആവേശത്തോടെ പ്രവര്‍ത്തിച്ചാല്‍ പോരെന്നും ബുദ്ധിപരമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ബിജെപി നേതാക്കളോട് പറഞ്ഞു. ബന്‍കുറയില്‍ 250 ബിജെപി ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '2018ല്‍ ബിജെപി 22 സീറ്റു നേടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ ചിരിച്ചു. എന്റെ പാര്‍ട്ടി നേതാക്കള്‍ പോലും ചിരിച്ചു. എന്നാല്‍ നമുക്ക് 18 സീറ്റു ലഭിച്ചു. നാലഞ്ച് സീറ്റുകള്‍ 2000-3000 വോട്ടുകളുടെ വ്യത്യാസത്തിലാണ് നഷ്ടമായത്,' ഷാ പറഞ്ഞു. ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. പദ്ധതിയിട്ടതു പോല്‍ നാം പ്രവര്‍ത്തിച്ചാല്‍ ബിജെപി 200ലേറെ സീറ്റുകള്‍ നേടും- അദ്ദേഹം പറഞ്ഞു. 

ഷായുടെ പ്രഖ്യാപനം ദിവാ സ്വപ്‌നമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. 'അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ല. അണികളില്ല. പിന്തുണയുമില്ല. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കാണുന്ന പോലെ പ്രധാനമന്ത്രി മോഡിയുടെ പ്രഭാവമെല്ലാം മങ്ങിയിരിക്കുകയാണ്. അവര്‍ക്ക് ബംഗാളില്‍ പ്രതീക്ഷയില്ല. അമിത് ഷായുടേത് ദിവാ സ്വപ്‌നം മാത്രമാണ്,' തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു.
 

Latest News