Sorry, you need to enable JavaScript to visit this website.

ചിദംബരത്തിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി കോണ്‍ഗ്രസ്

ന്യദല്‍ഹി- ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വിപുലമായ സ്വയം ഭരണമാണ് ആവശ്യമെന്ന മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ  പരാമര്‍ശം ബി.ജെ.പി വന്‍ വിവാദമാക്കിയതോടെ ചിദംബരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതാകണമെന്നില്ലെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ ആര്‍ക്കും അഭിപ്രായം പറയാമെന്നും ചിദംബരത്തിന്റെ പരാമര്‍ശത്തെ അങ്ങനെ കണ്ടാല്‍ മതിയെന്നും വക്താവ് ചോദ്യത്തിനു മറുപടി നല്‍കി.
കശ്മീര്‍ ജനത സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുകയാണെന്ന ചിദംബരത്തിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്ന് പറയുന്ന അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയവരെയാണ് പിന്തുണക്കുന്നത്. ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും സ്മൃതി ആരോപിച്ചു.
സ്വാതന്ത്ര്യത്തിനായി കശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണെന്നാണ് പി.ചിദംബരം രാജ്‌കോട്ടില്‍ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കശ്മീര്‍ ജനത. അവരോടു സംസാരിച്ചതില്‍നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസ്സിലായെന്നും ചിദംബരം പറഞ്ഞിരുന്നു.
കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

Latest News