പനജി- നടി പൂനം പാണ്ഡെയുടെ അശ്ലീല ഷൂട്ടിങിനെതിരെ കേസെടുത്തതിനു പിന്നാലെ ഗോവ പോലീസ് നടിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സര്‍ക്കാരിന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി അശ്ലീല വിഡിയോ ഷൂട്ട് ചെയ്‌തെന്നാണ് നടിക്കെതിരായ കേസ്. കനകോനയിലെ ചപോളി ഡാം പരിസരത്തായിരുന്നു ഷൂട്ടിങ്. അശ്ലീല വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടതോടെയാണ് കോലാഹലമുണ്ടായത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ച് തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്ന് ജലവിഭവ വകുപ്പിന്റെ പരാതിയില്‍ പോലീസ് ബുധനാഴ്ചയാണ് കേസെടുത്തത്. ഷൂട്ടിങിന് സര്‍ക്കാര്‍ നല്‍കിയ അനുമതി നടി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം.
നോര്‍ത്ത് ഗോവയിലെ സിന്‍കെറിമിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ കഴിയുന്ന നടിയെ കലാങ്കുട്ടെ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു കനകോനയിലേക്കു കൊണ്ടു പോകുകയായിരുന്നു. ചോദ്യം ചെയ്യാനാണ് നടിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് സുപ്രണ്ട് പങ്കജ് കുമാര്‍ സിങ് പറഞ്ഞു.
അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ തുക്കറാം ചവാനേയും ഒരു കോണ്‍സ്റ്റബിളിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എന്തിനാണ് ഈ നടപടിയെന്ന് വ്യക്തമല്ല.