Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റുകളെ കണ്ടാലുടൻ വെടിവെച്ചുകൊല്ലുക ഇടതു സർക്കാർ നയം -ചെന്നിത്തല

കൽപറ്റ- മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്നത് കമ്യൂണിസ്റ്റ് സർക്കാരിനു ചേർന്ന നടപടിയോ? റസ്റ്റ്ഹൗസിൽ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് വേൽമരുകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ വായ അടഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാവോവാദികളിൽ എട്ടു പേരെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയെന്ന നയമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ മാവോവാദികളെ കണ്ടാലുടൻ വെടിവച്ചുകൊല്ലുകയെന്ന നയമാണ് ഇപ്പോഴത്തെ ഇടതു സർക്കാരിനുള്ളത്. സി.പി.ഐ ഇതിനെ നേരത്തെ എതിർത്തിരുന്നുവെങ്കിലും ഇപ്പോൾ മിണ്ടാട്ടമില്ല. പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് വെടിയേറ്റു മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വസ്തുതകൾ പുറത്തുവരുന്നതിനു മജിസ്റ്റീരിയൽ അന്വേഷണം പര്യാപ്തമല്ല. മുൻകാല അനുഭവങ്ങൾ ഇതു തെളിയിച്ചതാണ്. പടിഞ്ഞാറത്തറ സംഭവത്തിൽ പോലീസ് ഭാഷ്യം അംഗീകരിക്കാൻ കഴിയുന്നതല്ല. വേൽമുരുകൻ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലാണെന്നു വിശ്വസിക്കത്തക്ക വിധത്തിലുള്ള അഭിപ്രായങ്ങളാണ് തദ്ദേശവാസികൾക്കുള്ളത്. 
ഭരണതലത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന പ്രതിപക്ഷ വാദം ശരിയാണെന്നു തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനായ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചോദ്യംചെയ്യാൻ പോകുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്താൻ വലിയ കാലമെടുക്കില്ലെന്നാണ് സാഹചര്യങ്ങൾ നൽകുന്ന സൂചന.
അഴിമതിക്കും കൊള്ളയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്ര ഏജൻസികളെ വിളിച്ചുകൊണ്ടുവന്നതും അന്വേഷണം തുടങ്ങിയപ്പോൾ ഗുഡ് സർട്ടിക്കറ്റ് നൽകിയതും മുഖ്യമന്ത്രിയാണ്. സ്വന്തം ഓഫീസിലേക്ക് അന്വേഷണം നീളുമ്പോഴാണ് കേന്ദ്ര ഏജൻസികൾ വഴിവിട്ട് പ്രവർത്തിക്കുന്നുവെന്ന കുറ്റപ്പെടുത്തൽ. ജനങ്ങൾക്കറിയേണ്ടത് വസ്തുതയാണ്. അതുകൊണ്ടുതന്നെ സ്വർണക്കടത്ത് കേസിന്റേയും മറ്റഴിമതികളുടെയും മുഴുവൻ വിവരങ്ങളും നിയമത്തിനുമുന്നിൽ വന്നേ മതിയാകൂ. അതിനെ തടസ്സപ്പെടുത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പു അനുദിനം കൂടുകയാണ്. അദ്ദേഹത്തിന്റെ ഓഫീസാണ് കള്ളക്കടത്ത് സംഘത്തെ സഹായിച്ചത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനു അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകവഴി അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു. രാജിവെക്കുന്നതാണ് മുഖ്യമന്ത്രിക്കു നല്ലത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സി.ബി.ഐ അന്വേഷിച്ചാൽ മുഖ്യമന്ത്രിയും കുടുങ്ങും. അതുകൊണ്ടാണ് സി.ബി.ഐയെ വിലക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണുള്ളത്. മയക്കുമരുന്നു ഇടപാടിൽ സംശയത്തിന്റെ നിഴലിലാണ് സി.പി.എം സെക്രട്ടറിയുടെ മകൻ. ഇയാളെ എന്തുകൊണ്ടാണ് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തള്ളിപ്പറയാത്തതെന്നും ചെന്നിത്തല ചോദിച്ചു.
 

Latest News