Sorry, you need to enable JavaScript to visit this website.

വിജയത്തിന് ആറ് ഇലക്ടറല്‍ വോട്ട് അകലെ ജോ ബൈഡന്‍

ന്യൂയോര്‍ക്ക്-ആര് ജയിക്കുമെന്ന അനിശ്ചിതത്വം തുടരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഓരോ മണിക്കൂര്‍ അവസാനിക്കുമ്പോഴും പിരിമുറുക്കം വര്‍ധിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ജോ ബൈഡന് മുന്‍തൂക്കം ഉണ്ടെങ്കിലും മുന്‍കാല ചരിത്രം മുന്‍നിര്‍ത്തി ഒരു തീര്‍പ്പില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജോര്‍ജിയ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോളിന, നെവാഡ എന്നിവിടങ്ങളിലെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ലക്ഷകണക്കിന് വോട്ടുകളാണ് ഇവിടെ എണ്ണാനുളളത്. അതിനാല്‍ ഈ സ്‌റ്റേറ്റുകളിലെ വോട്ടെണ്ണല്‍ ആര് ജയിക്കുമെന്നതിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
270 ഇലക്ടറല്‍ വോട്ടാണ് വൈറ്റ് ഹൗസ് ആര് ഭരിക്കുമെന്നത് തീരുമാനിക്കുന്നത്. നിലവില്‍ 253 ഇടത്ത് ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്. 213 ഇടത്താണ് ട്രംപ് വിജയിച്ചത്. ഇനി എണ്ണാന്‍ അവശേഷിക്കുന്ന നാലിടത്ത് വിജയിച്ചാല്‍ മാത്രമേ ട്രംപിന് വീണ്ടും അധികാരത്തില്‍ എത്താന്‍ സാധിക്കൂ. ജോര്‍ജിയയില്‍ മാത്രം എണ്ണാന്‍ ഒരു ലക്ഷത്തോളം ബാലറ്റുകള്‍ ഉണ്ട്. 16 ഇലക്ടറല്‍  കോളജ് വോട്ടുകളാണ് ജോര്‍ജിയയില്‍ ഉള്ളത്. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ മെയില്‍ ബാലറ്റുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ആരോപിച്ച് ട്രംപ് പക്ഷം നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നാണ് മറ്റൊരു ആവശ്യം.
 

Latest News