Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ആദ്യ വോട്ടര്‍ക്ക് നൂറാം വയസ്സില്‍ വീണ്ടുമൊരു വോട്ട്

ഷിംല- സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വോട്ടറാണ് ഹിമാചല്‍ പ്രദേശുകാരനായ ശ്യാം സരണ്‍ നേഗി. വയസ്സ് നൂറായെങ്കിലും മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ തന്റെ കൂടി പങ്ക് ഭംഗിയായി നിര്‍വഹിക്കണം എന്ന നിര്‍ബന്ധം നേഗിക്കുണ്ട്. അടുത്തയാഴ്ച നിയമസഭാ വോട്ടെടുപ്പിനൊരുങ്ങുന്ന ഹിമാചലില്‍  നേഗിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.
പോളിങ് ബൂത്തിലേക്ക് പരസഹായമില്ലാതെ നടന്നു വരാന്‍ നേഗിക്കു കഴിയില്ല. നേഗിക്കു മാത്രമായി കിന്നോര്‍ ജില്ലാ ഭരണകൂടം  പ്രത്യേക വാഹനം ഒരുക്കുന്നുണ്ട്. വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറ്റി വോട്ടു ചെയ്ത ശേഷം തിരിച്ചു കൊണ്ടു വന്നു വിടുക മാത്രമല്ല, നേഗിക്കായി വലിയ സ്വീകരണ പരിപാടികളാണ് അധികൃതര്‍  പോളിങ് ബൂത്തില്‍ സംഘടിപ്പിക്കാനിരിക്കുന്നത്.
1951 ഒക്ടോബര്‍ 25-നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ആയി നേഗി വോട്ടു രേഖപ്പെടുത്തിയത്. മണ്ഡി മഹാസു പാര്‍ലമെന്റ് സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അത്. ഈ മണ്ഡലം ഇപ്പോള്‍ മണ്ഡി ആണ്. കിന്നോറിലെ കൊടുംതണുപ്പിനെ പോലും അവഗണിച്ചാണ് നേഗി വോട്ടു ചെയ്തിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യ കാലങ്ങളില്‍ ഇന്ത്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ കിന്നോറിലെ തെരഞ്ഞെടുപ്പ് വളരെ നേരത്തെയാണ് നടത്തിയിരുന്നത്. ഇവിടുത്തെ കൊടും തണുപ്പും മഞ്ഞു വീഴ്ചയുമാണ് കാരണം. നേഗി ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. 1975-ലാണ് വിരമിച്ചത്. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.
2014 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് നേഗിക്കു വേണ്ടി ഗൂഗിള്‍ പ്രത്യേക വീഡിയോ പുറത്തിറക്കിയിരുന്നു. തന്റെ കന്നി വോട്ടിന്റെ അനുഭവങ്ങള്‍ നേഗി പങ്കുവെക്കുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

Latest News