കൊല്‍ക്കത്ത- ബംഗാളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെകട്ടറി കൈലാശ് വിജയ്‌വര്‍ഗിയ പറഞ്ഞു. ബംഗാളിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചുവരികാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതെ നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് പീഡനം മൂലം ഇവിടെ എത്തിയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി അയയുന്നതോടെ പൗരത്വ ഭേദഗതി സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.