ഹൈദരാബാദ്- ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടക്കുന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതില്‍ നിന്നും വിലക്കി പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ ഹൈദരാബാദിലെ വീട്ടില്‍ പോലീസ് തടങ്കലിലാക്കി. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന ആരോപണങ്ങള്‍ക്കിടെ വിജയവാഡ പോലീസും ഐലയ്യക്ക് പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നും ഹൈദരാബാദിലെ തര്‍നകയിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഇളയ്യയ്ക്ക് ആന്ധ്രാ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വൈശ്യ സമുദായത്തെ അവഹേളിച്ചു എന്നാരോപിച്ച് ഐലയ്യയുടെ പുസ്തകം ഈയിടെ വിവാദമായിരുന്നു. ഇതിനെ ചൊല്ലി തനിക്ക് നിരന്തരം ആക്രമണ, വധ ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ പുസ്തകം നിരോധിക്കണമെന്ന ഹരജി ഈയിടെ സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു.
ഐലയ്യയെ അപ്രതീക്ഷിതമായി ശനിയാഴച് വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് അദ്ദേഹത്തിനു പിന്തുണയുമായി നിരവധി പേര്‍ വീടിനു സമീപം തടിച്ചൂകൂടി. ദളിത്, ഒബിസി സംഘടനകള്‍ ഇളയ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹത്തെ തടങ്കലില്‍ എത്രയും വേഗം മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.