അഹ്മദാബാദ്- അഹ്മദാബാദിലെ പിരാനയില്‍ ഒരു വസ്ത്ര ഗോഡൗണിലുണ്ടായ വന്‍ അഗ്നി ബാധയില്‍ 12 പേര്‍ മരിച്ചു. മരിച്ചവരെല്ലാം തൊഴിലാളികളാണ്. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീപ്പിടത്തിന്റെ ആഘാതം കാരണം ഇവര്‍ക്ക് രക്ഷപ്പെട്ട് പുറത്തെത്താന്‍ കഴിഞ്ഞില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അഗ്നി ശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാ പ്രവര്‍ത്തം നടത്തി കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഗൗഡൗണിനോട് ചേര്‍ന്നുള്ള ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതപ്പെടുന്നു. ഇത് സൂക്ഷിച്ചു വച്ച വസ്ത്രങ്ങളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു. കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായതായും മേല്‍ക്കൂര തകര്‍ന്നതായും റിപോര്‍ട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ദുഖം രേഖപ്പെടുത്തി.