ഗുഡ്ഗാവ്- ഹരിയാനയിലെ ഗുഡ്ഗാവില്‍ സുഹൃത്തിനൊപ്പം കാറോടിച്ചു പോകുകയായിരുന്ന യുവതിക്കു നേരെ ബൈക്കിലെത്തിയ മൂന്നംഗ അജ്ഞാത അക്രമി സംഘം വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ 26കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ചെവ്വാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ പൂജ ശര്‍മ എന്ന യുവതിയും സുഹൃത്ത് സാഗര്‍ മാന്‍ചന്ദയും കാറില്‍ സഞ്ചരിക്കവെയാണ് ആക്രമണം ഉണ്ടായത്. ആക്രമിക്കപ്പെട്ട വിവരം സാഗറാണ് പോലീസിനെ അറിയിച്ചത്. കാറില്‍ പോകുന്നതനിടെ ബൈക്കിലെത്തിയ സംഘം വിന്‍ഡോ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഇതു വിസമ്മതിനെ തുടര്‍ന്നാണ് മൂവര്‍ സംഘത്തിലൊരാള്‍ വെടിവെച്ചതെന്ന് സാഗര്‍ പറഞ്ഞു. കാര്‍ തട്ടിയെടുക്കലായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. വ്യക്തിപരമായ ശത്രുത അടക്കമുള്ള മറ്റു കാരണങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ മൂന്ന് പേരേയും പിടികൂടാനായില്ല.