മുംബൈ- ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തതിന് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈയിലെ അര്‍ണബിന്റെ വീട്ടില്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ ഓഫീസര്‍ക്കെതിരെ കയ്യേറ്റമുണ്ടായത്. ഇവരുടെ പരാതിയിലാണ് എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച അര്‍ണബിനെ പോലീസുകാര്‍ ബലം പ്രയോഗിച്ച് പിടികൂടിയാണ് വീട്ടില്‍ നിന്നിറക്ക് വാനില്‍ കയറ്റിയത്.
അതിനിടെ പോലീസ് അര്‍ണാബിനെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി റിപബ്ലിക് ടിവി ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് പരാതി നല്‍കി.
റിപബ്ലിക്ക് ടിവിക്കു വേണ്ടി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ അന്വയ് നായിക്, അമ്മ കുമുദ് നായിക് എന്നിവര്‍ 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ണബ് 83 ലക്ഷം രൂപയാണ് മരിച്ച അന്വയിന് നല്‍കാനുണ്ടായിരുന്നത്. ഈ പണം ലഭിക്കാതെ വന്നതോടെ ബിസിനസ് തകര്‍ന്ന് അന്വയ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മരണത്തിന് ഉത്തരവാദിയായ അര്‍ണബിന്റെ പേരും അന്വയ് എഴുതിയിരുന്നു.