പട്‌ന- ബിഹാറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളേയും ഒരു വിഭാഗം മാധ്യമങ്ങളേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവയ്ക്കു രണ്ടിനും തന്റെ പ്രത്യയശാസ്ത്രപരമായ യുദ്ധത്തെ തടയാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. 'എംവിഎം (മോഡി വോട്ടിങ് മെഷീന്‍) ആയാലും മോഡി ജിയുടെ മാധ്യമങ്ങളായാലും, രണ്ടിനേയും എനിക്കു ഭയമില്ല. സത്യം സത്യവും നീതി നീതിയുമാണ്. ഈ മനുഷ്യനെതിരായ എന്റെ പോരാട്ടം ഒരു പ്രത്യയശാസ്ത്രപരമായ യുദ്ധമാണ്. അവരുടെ ചിന്താധാരയോടാണ് നാം പൊരുതുന്നത്. നാം അവരുടെ ചിന്താധാരയെ പരാജയപ്പെടുത്തും,' അറാറിയയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.
'എന്നെ കുറിച്ച് നരേന്ദ്ര മോഡി പറയുന്നത് അരോചകമായ കാര്യങ്ങളാണ്. എങ്കിലും, അവര്‍ എത്രത്തോളം വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചാലും ഞാന്‍ സ്‌നേഹം പ്രചരിപ്പിക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. വിദ്വേഷത്തിന് വിദ്വേഷത്തെ തോല്‍പ്പിക്കാനാവില്ല. സ്‌നേഹത്തിനു മാത്രമെ കഴിയൂ. നരേന്ദ്ര മോഡിയെ പരാജയപ്പെടുത്തുന്നതു വരെ ഒരിഞ്ചു പോലും ഞാന്‍ പിറകോട്ടു പോകില്ല,' രാഹുല്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി സംബന്ധിച്ച് രാഹുല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മോഡിക്കും സംഘത്തിനും മുന്നില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ കീഴടങ്ങിയിരിക്കുകയാണെന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്.