വാഷിംഗ്ടണ്‍-തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് വിജയം അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും നമ്മള്‍ ജയിച്ചു. എല്ലായിടത്തും നമ്മളാണ് ജയിച്ചത്. പക്ഷേ ഫലത്തില്‍ ക്രമക്കേട് നടക്കുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഘോഷത്തിന് തയാറെടുക്കാനും ട്രംപ് അണികളോട് ആവശ്യപ്പെട്ടു. ഇതിനിടെ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡന്‍ പറഞ്ഞു. ഓരോ വോട്ടും എണ്ണിത്തീരുന്നതു വരെ തെരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നിര്‍ണായകമായ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ട്രംപ് വിജയം ഉറപ്പിച്ചു.
തുടക്കത്തില്‍ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങി. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു.