ചെന്നൈ- യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ വിജയത്തിനായി ക്ഷേത്രത്തില്‍ പൂജ നടത്തി കാത്തിരിക്കയാണ് തമിഴ്‌നാട്ടിലെ ഗ്രാമം.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമലയുടെ മുത്തച്ഛന്‍ പി.വി. ഗോപാലന്‍ ജനിച്ചുവളര്‍ന്ന തിരുവാരൂര്‍ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് നാട്ടുകര്‍ കമലയുടെ വിജയത്തിനായി പ്രത്യേക പൂജ നടത്തിയത്.
ധര്‍മശാസ്ത ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം അന്നദാനവുമുണ്ടായിരുന്നു. ഗ്രാമത്തില്‍ കമലാ ഹാരിസിന്റെ വലിയ കട്ടൗട്ടുകള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.
പി.വി ഗോപാലന്റെ മകള്‍ ഡോ.ശ്യാമള ഗോപാലന്റെ മകളാണ് കമല. കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്കനാട് വിട്ടതാണ്. ചെന്നൈ ബസന്ത് നഗറിലാണ് ഗോപാലന്‍ അവസാനനാളുകളില്‍ കഴിഞ്ഞിരുന്നത്.