അങ്കാറ- കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി തുര്‍ക്കിയില്‍ രാത്രി പത്ത് മണിയോടെ വ്യാപാര സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും റൈസ്റ്റോറന്റുകളും അടക്കാന്‍ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഉത്തരവിട്ടു.
ഒരുമാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. പതിനായിരം പേരാണ് ഇതുവരെ മരിച്ചത്.
അങ്കാറയില്‍ കാബിനറ്റ് യോഗത്തിനുശേഷമാണ് ഉര്‍ദുഗാന്‍ പുതിയ തീരുമാനം അറിയിച്ചത്. തുര്‍ക്കിയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാണെന്നും ആരോഗ്യ പ്രതിസന്ധി കൈവിട്ട് പോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊതു, സ്വകാര്യ മേഖലകളില്‍ ജോലി സമയങ്ങളില്‍ ഉദാരത പ്രോത്സാഹിപ്പിക്കുമെന്നും വിപണികളിലെ നിരീക്ഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതിനിടെ, രാജ്യത്തെ കൊറോണ ബാധ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളേക്കാള്‍ കൂടുതലാണെന്ന് തുര്‍ക്കി മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു. ജൂലൈ മുതല്‍ സര്‍ക്കാര്‍ നല്‍കുന്നത് കോവിഡ് രോഗികളുടെ കണക്കാണെന്നും വൈറസ് ബാധയുടെ കണക്കല്ലെന്നുമാണ് ആരോപണം. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി ഫഹറദ്ദീന്‍ കോക്ക സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.