പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പു നടന്നു വരുന്ന ബിഹാറില്‍ എന്‍ഡിഎക്കെതിരെ പ്രകടമായ ജനവികാരം വ്യക്തമായതോടെ പ്രചരണത്തെ മറ്റൊരു തരത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമം. ബിഹാറില്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അനുവദിക്കാത്തവര്‍ക്ക് വോട്ടെടുപ്പില്‍ തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. നവംബര്‍ ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സഹര്‍ഷയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുരാജ്യത്തിന്റെ വക്താക്കളെ വോട്ടര്‍മാര്‍ തള്ളിക്കളയണമെന്നും മോഡി പറഞ്ഞു.
'ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഘം ആളുകള്‍ ഇവിടെ ഉണ്ട്. അവരെല്ലാം ഇപ്പോള്‍ ഒന്നിച്ചു വന്നാണ് ബിഹാറിലെ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. അത്തരക്കാര്‍ക്ക് ബിഹാറില്‍ തക്കതായ മറുപടി നല്‍കേണ്ടത് ആവശ്യമാണ്.' മോഡി പറഞ്ഞു. ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.