ന്യൂദല്‍ഹി- രാജ്യസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നില കൂടുതല്‍ മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം ഒമ്പതു ബിജെപി അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയില്‍ എന്‍ഡിഎ സീറ്റ് നില 100 കടന്നു. അതേസമയം കോണ്‍ഗ്രസ് നില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യത്തിലേക്ക് ഇടിയുകയും ചെയ്തു. ദീര്‍ഘകാലം രാജ്യസഭയില്‍ ആധിപത്യം നിലനിര്‍ത്തിയ കോണ്‍ഗ്രസിന് 38 സീറ്റ് മാത്രമെ ഉള്ളൂ. 242 അംഗ സഭയില്‍ ബിജെപിക്ക് 92 സീറ്റുണ്ട്. തിങ്കളാഴ്ച 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റിലും ബിജെപിക്കായിരുന്നു ജയം. സമാജ് വാദി പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ നഷ്ടമായി.
ജെഡിയുവിന്റെ അഞ്ചു സീറ്റുകളും വിവിധ ചെറുപാര്‍ട്ടികളുടെ ഏഴു സീറ്റുകളും ഉല്‍പ്പെടെ എന്‍ഡിഎക്ക് ഇപ്പോള്‍ 104 സീറ്റുണ്ട്. നാലു നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ലഭിക്കും. കൂടാതെ ആവശ്യം വന്നാല്‍ ഒമ്പത് അംഗങ്ങളുള്ള അണ്ണാ ഡിഎംകെ, ഒമ്പത് എംപിമാരുള്ള ബിജെഡി, ഏഴ് എംപിമാരുള്ള ടിആര്‍എസ്, ആറ് എംപിമാരുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയും എന്‍ഡിഎക്കു തേടാം. പലഘട്ടങ്ങളിലും ഈ പാര്‍ട്ടികള്‍ എന്‍ഡിഎയെ പിന്തുണച്ചിട്ടുമുണ്ട്.