വിയന്ന- ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടത്തായി അക്രമികള്‍ ഭീകരാക്രമണം നടത്തി. വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. മറ്റു ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറു പേര്‍ ഗുരുതരാവസ്ഥയിലാണ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സംഭവസ്ഥലത്തു വച്ചും മറ്റൊരു സ്ത്രീ ആശുപത്രിയിലുമാണ് മരിച്ചതെന്ന് മേയര്‍ മൈക്കല്‍ ലുഡ്വിഗ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു പോലീസ് ഓഫീസറുമുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.
മധ്യ വിയന്നയിലെ പ്രധാന ആരാധനാലയമായ സിനഗോഗിനു സമീപത്താണ വെടിവപ്പുകള്‍ നടന്നത്. എന്നാല്‍ ആക്രമികളുടെ ലക്ഷ്യം സിനഗോഗ് ആയിരുന്നോ എന്ന് വ്യക്തമല്ലെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ ഒരു മാസം നീണ്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. പ്രാദേശിക സമയം വൈകീട്ട് എട്ടു മണിക്കാണ് ആക്രമണമുണ്ടായത്.