Sorry, you need to enable JavaScript to visit this website.

ക്ഷേത്ര പരിസരത്ത് നമസ്‌ക്കരിച്ചതിന് നാലു പേര്‍ക്കെതിരെ യുപിയില്‍ കേസ്, ഒരാള്‍ അറസ്റ്റില്‍; വെറുതെ വിടില്ലെന്ന് മന്ത്രി

മഥുര-  ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ക്ഷേത്ര പരിസരത്ത് ഒരു സംഘം ആളുകള്‍ നമസ്‌ക്കരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുദായി ഖിദ്മത്ഗര്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരാണ് മഥുരയിലെ നന്ദ ബാബ ക്ഷേത്രത്തില്‍ വ്യാഴാഴ്ച നമസ്‌ക്കരിച്ചത്. സംഭവത്തില്‍  ഫൈസര്‍ ഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും ചന്ദ് മുഹമ്മദ്, അലോക് രത്തന്‍, നീലേഷ് ഗുപ്ത എന്നിവര്‍ക്കെതിരെ കേസെടുത്തതായും മഥുര റൂറല്‍ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. ഈ സംഭവം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണെന്നും പ്രതികളെ വെറുതെ വിടില്ലെന്നും വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

ബ്രിജ് ചൗരാസി കോസ് പ്രദക്ഷിണത്തിന്റെ ഭാഗമായാണ് സംഘം ക്ഷേത്രത്തിലെത്തിയതെന്ന് പുരോഹിതന്‍ കന്ന ഗോസ്വാമി പറഞ്ഞു. ഫൈസല്‍ ഖാന്‍ രാമചരിതമാനസത്തിലെ വരികള്‍ ഉരുവിടുകയും പ്രശസ്ത സന്യാസിമാര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ കാണിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനുമതിയില്ലാതെയാണ് ഫൈസലും ചന്ദ് മുഹമ്മദും ക്ഷേത്ര പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നമസ്‌ക്കരിച്ചത്. ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനോട് എതിര്‍പ്പില്ലെങ്കിലും നമസ്‌ക്കരിച്ച് ക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെടുത്തിയെന്നും പുരോഹിതന്‍ പറഞ്ഞു. പുരോഹിതന്‍മാരുടെ സംഘടനയും ഇതിനെതിരെ രംഗത്തെത്തി.
 

Latest News