കാബൂള്‍- അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരച്ചുകയറിയ ഭീകരര്‍ നടത്തിയ മിന്നലാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദ്യാര്‍ത്ഥികളാണ്. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലും നടന്നു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ഒരാള്‍ ശരീരത്തില്‍ സ്ഥാപിച്ച സ്‌ഫോടനവസ്തുക്കള്‍ പൊട്ടിച്ച് ചാവേറായി. മറ്റു രണ്ടു പേരെ സുരക്ഷാ സേന കീഴ്‌പ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു. കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ പറഞ്ഞു. അതേസമയം ആക്രമണം നടത്തിയത് ഭീകര സംഘടനയായ ഐഎസ് ആണെന്ന് അവരുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ടെലിഗ്രാമില്‍ സന്ദേശം പോസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. 80 അഫ്ഗാന്‍ ജഡ്ജിമാരേയും പ്രോസിക്യൂട്ടര്‍മാരേയും അന്വേഷണ ഉദ്യോഗ്സ്ഥരേയും സുരക്ഷാ സേനാംഗങ്ങളേയും കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഐഎസ് അവകാശവാദം. എന്നാല്‍ ഇത് അഫ്ഗാന്‍ ഔദ്യോഗികമായി സ്ഥിരീകരച്ചിട്ടില്ല.
കാമ്പസില്‍ ഇറാനിയന്‍ പുസ്തകോത്സവത്തിനായി സര്‍ക്കാര്‍ ഉന്നതര്‍ എത്തുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് ഹാമിദ് ഉബൈദി പറഞ്ഞു. ആയുധധാരികളായ ഭീകരര്‍ ഇരച്ചുകയറിയതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. കാമ്പസ് മതില്‍ എടുത്തു ചാടിയും ഓടിയുമാണ് നിരവധി പേര്‍ വെടിവപ്പില്‍ നിന്ന രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേന വൈകാതെ തന്നെ കാമ്പസ് വളഞ്ഞു അക്രമികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഐഎസ് നടത്തിയ ഭീകരാക്രമണതതില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.