Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സിലെ കൊലപാതകങ്ങളില്‍ പ്രതികരിച്ച പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണയ്‌ക്കെതിരെ യുപിയില്‍ കേസ്

ലഖ്‌നൗ- മതനിന്ദയുടെ പേരില്‍ ഈയിടെ ഫ്രാന്‍സില്‍ നടന്ന കൊലപാതങ്ങളെ കുറിച്ച് പ്രതികരിച്ച പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണയ്‌ക്കെതിരെ യുപി പോലീസ് കേസെടുത്തു. ഫ്രാന്‍സിലെ കൊലയാളികളെ ന്യായീകരിച്ചുവെന്നാരോപിച്ചാണ് കേസ്. എന്നാല്‍ തന്റെ പ്രസ്താവന സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നെന്ന് കവി പ്രതികരിച്ചു. ലഖ്‌നൗവിലെ ഹസ്‌റത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ് ഐയുടെ പരാതിയിലാണ് കേസ്. റാണയുടെ പ്രതികരണം മതത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ സംഘര്‍ഷത്തിന് ഇടയാക്കുമെന്നും ക്രമസമാധാന പ്രശനമുണ്ടാകുമെന്നുമാണ് പോലീസുകാരന്റെ പരാതി. 

'സ്വന്തം പിതാവിനെയോ മാതാവിനെയോ അവഹേളിച്ച് ആരെങ്കിലും കാര്‍ട്ടൂണ്‍ വരച്ചാല്‍ ആളുകള്‍ ഒരു പക്ഷെ വരച്ചവരെ കൊന്നേക്കാം. ഇന്ത്യയില്‍ ഇത്തരം നീചമായ കാര്‍ട്ടൂണ്‍ ദേവീദേവന്‍മാര്‍ക്കോ അല്ലെങ്കില്‍ സീതയ്ക്കും ശ്രീരാമനുമെതിരെയോ വരച്ചാല്‍ അത് അവഹേളനമാണ്. വരച്ചവരെ ചിലപ്പോള്‍ കൊല്ലണമെന്ന വികാരം ഉണ്ടായേക്കാം'- എന്നായിരുന്നു ഫ്രാന്‍സിലെ സംഭവങ്ങളെ കുറിച്ച് കവി റാണ ഒരു ഹിന്ദി ചാനലിനോട് പറഞ്ഞത്. 

കാര്‍ട്ടൂണ്‍ സൃഷ്ടിച്ചത് ആരാണെങ്കിലും അത് തെറ്റാണ്, ആരെങ്കിലും മറ്റൊരാളെ കൊന്നിട്ടുണ്ടെങ്കില്‍ അതിലേറെ തെറ്റാണ് എന്നായിരുന്നു എന്റെ പ്രസ്താവന. പക്ഷെ ആളുകള്‍ ഇതെങ്ങനെ മനസ്സിലാക്കി എന്ന് എനിക്കു പറയാനാവില്ല. മതത്തിന്റെ പേരില്‍ പടരുന്ന ഈ മതഭ്രാന്ത് ശരിയല്ല എന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെ പറഞ്ഞതെന്നും മുനവ്വര്‍ റാണ വ്യക്തമാക്കി. 

രാജ്യത്തെ പുതിയ സംഭവവികാസങ്ങളില്‍ നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് മുനവര്‍ റാണ് 2015ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും പുരസ്‌ക്കാര തുകയായ ഒരു ലക്ഷം രൂപയും തിരികെ നല്‍കിയിരുന്നു.
 

Latest News