Sorry, you need to enable JavaScript to visit this website.

രജനീകാന്തും കാവി രാഷ്ട്രീയത്തിലേക്കോ?  ആര്‍.എസ്.എസ്  പ്രമുഖനുമായി  കൂടിക്കാഴ്ച

ചെന്നൈ- രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ രജനീകാന്ത് ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി. പോയസ് ഗാര്‍ഡനിലെ താരത്തിന്റെ വീട്ടിലായിരുന്നു ഗുരുമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ച. ഇത് രണ്ടുമണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, രജനിയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം.
രാഷ്ട്രീയപ്രവേശ പ്രഖ്യാപനത്തിന് മുമ്പും രജനി ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയ ഉപദേശകനായിക്കൂടിയാണ് ഗുരുമൂര്‍ത്തിയെ രജനി പരിഗണിക്കുന്നത്. ഈനിലയില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന രജനീകാന്തിന്റെ വെളിപ്പെടുത്തിലിനെത്തുടര്‍ന്നാണ് രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുന്നെന്ന് അഭ്യൂഹം പടര്‍ന്നത്. പ്രായവും ആരോഗ്യവും പരിഗണിച്ച് കോവിഡ് കാലത്ത് പൊതുരംഗത്തിറങ്ങേണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിനാല്‍ ഉടന്‍ പാര്‍ട്ടിപ്രഖ്യാപനമുണ്ടാകില്ലെന്നാണ് സൂചന.
താരം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രചാരണത്തെത്തുടര്‍ന്ന് ആരാധകര്‍ രജനിയെ കാണാന്‍ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നിലേക്ക് കൂട്ടമായി എത്തിയിരുന്നു. എന്നാല്‍, അവരെ കാണാനോ അഭിവാദ്യം ചെയ്യാനോ രജനി തയ്യാറായിട്ടില്ല. അതേസമയം, രജനിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതംചെയ്ത് സംസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ സമ്മര്‍ദത്താല്‍ താരം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരിയിലെങ്കിലും പാര്‍ട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എളുപ്പമല്ലെന്നുള്ളതിനാല്‍ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. രാഷ്ട്രീയപ്രവേശം സംബന്ധിച്ച് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരുന്നത്.
രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വവും ഇറങ്ങാതിരിക്കാന്‍ ഡി.എം.കെ.യും രജനിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തം പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ രജനി ആരെ പിന്തുണയ്ക്കുമെന്നത് നിര്‍ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് നിലപാടെടുത്ത രജനി നദീജലസംയോജന പദ്ധതി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയവരെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പരോക്ഷമായി ബി.ജെ.പി.യെ പിന്തുണച്ചിരുന്നു. എന്നാല്‍ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ബി.ജെ.പി.ക്കായില്ല. ഈ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശക്തമായ ശ്രമം നടത്തുന്ന ബി.ജെ.പി. രജനിയുടെകൂടി പിന്തുണയുറപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ഗുരുമൂര്‍ത്തി ഇപ്പോള്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിലയിരുത്തല്‍.
 

Latest News