അഹമ്മദാബാദ്- സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന് ഹർദിക് പട്ടേലിന്റെ അന്ത്യശാസനം. അടുത്ത മാസം മൂന്നിന് ഗുജറാത്ത് സന്ദർശത്തിനെത്തുന്ന രാഹുൽ ഗാന്ധിയമായി ഹർദിക പട്ടേൽ വേദി പങ്കിടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്ത്യശാസനവുമായി ഹർദിക് പട്ടേൽ രംഗത്തെത്തിയത്. സൂററ്റിൽ നവംബർ മൂന്നിനാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് യോഗത്തിനെത്തുന്നത്. സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സൂററ്റിൽ അമിത്ഷാക്കുണ്ടായ അതേഗതി തന്നെയായിരിക്കും കോൺഗ്രസിനുമുണ്ടാകുക എന്ന് ഹർദിക് പറഞ്ഞു. സൂററ്റിൽ പട്ടേൽ സമുദായ നേതാക്കളുമായി അമിത് ഷാ നടത്തിയ ചർച്ചക്കിടെ ഹർദികിന്റെ അനുയായികൾ മുദ്രാവാക്യം വിളിക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
പട്ടേൽ സമുദായത്തിന് പ്രത്യേകസംവരണം ക്വാട്ട അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം, കോൺഗ്രസിന്റെ ബി ടീമായാണ് ഹർദിക് പട്ടേലും സംഘവും പ്രവർത്തിക്കുന്നത് എന്നാണ് ബി.ജെ.പിയുടെ ആരോപണം. രാഹുൽ ഗാന്ധിയുമായി ഹർദിക് പട്ടേൽ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ബി.ജെ.പി യുടെ ആരോപണം. എന്നാൽ ആരോപണത്തെ കോൺഗ്രസും ഹർദികും തള്ളിക്കളഞ്ഞിരുന്നു.