തിരുവനന്തപുരം- മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ പച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാധ്യമങ്ങള്‍ നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സ്വയംവിട്ടുകൊടുത്തിരിക്കയാണ്. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവര്‍ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്? പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നത്? മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍.
നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നത്? ആ ധാരണ വെറുതെയാണ്.
കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്. പാര്‍ട്ടി സെക്രട്ടരി നിലപാട് വ്യക്തമാക്കി.