Sorry, you need to enable JavaScript to visit this website.

പെണ്‍മക്കളെ പീഡിപ്പിച്ച ഭര്‍ത്താവിനെ യുവതിയും മക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊന്നു

നോയ്ഡ- കൗമാര പ്രായക്കാരായ രണ്ടു പെണ്‍മക്കളെ പീഡിപ്പിക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത 50കാരനെ 42കാരിയായ ഭാര്യയും 14ഉം 16ഉം വയസ്സുള്ള രണ്ടു പെണ്‍മക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊന്നു. നോയ്ഡയിലെ മോര്‍ന ബസ്റ്റാന്‍ഡിനു പിറകില്‍ നിന്ന് വെള്ളിയാഴ്ച മധ്യവയസ്‌ക്കന്റെ മൃതദേഹം ലഭിച്ചതിനു പിന്നാലെയാണ് സംഭവം പുറത്തായത്. രണ്ടു വര്‍ഷത്തിലേറെയായി പീഡനം സഹിക്കുകയാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും ഫലം ഇല്ലാത്തതിനാലാണ് ഇതു ചെയ്തതെന്നും യുവതി പറഞ്ഞു. കൊലക്കുറ്റം ചുമത്തി യുവതിയെ പോലീസ് അറസ്റ്റ്് ചെയ്തു.

മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നു കൊല്ലപ്പെട്ട മധ്യവയസ്‌ക്കന്‍. തൂപ്പുകാരനായി ജോലി ചെയ്തു വരികയായിരുന്നു. സ്വന്തം പെണ്‍മക്കള്‍ കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കുക, മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങി നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. 25 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. അന്നു തുടങ്ങിയ പീഡനമാണ്. പിന്നീട് പെണ്‍മക്കള്‍ വളര്‍ന്നു വലുതായപ്പോള്‍ അവരോടും മോശമായി പെരുമാറിത്തുടങ്ങിയെന്നും യുവതി ആരോപിച്ചു. 

11 വയസ്സുകാരിയായ മറ്റൊരു മകള്‍ കൂടി ഉണ്ടായിരുന്നെന്നും അവളെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും യുവതി വെളിപ്പെടുത്തുന്നു. ഭയം കാരണം ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല- യുവതി പറയുന്നു.

പരാതിയുമായി നിരന്തരം മൊര്‍ന പോലീസ് സ്റ്റേഷനില്‍ കയറിഇറങ്ങിയിരുന്നു. 15 ദിവസം മുമ്പാണ് ഏറ്റവും ഒടുവില്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്ക് താന്‍ നേരിടുന്ന പീഡനത്തെ കുറിച്ച് അറിയാം. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പീഡനം എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നും അവര്‍ പറഞ്ഞു.

മൂത്ത മകള്‍ ദുപ്പട്ട അച്ഛന്റെ കഴുത്തില്‍ കുരുക്കി വലിച്ചു. ഇളയ മകള്‍ കൈകള്‍ പിടിച്ചു വച്ചു. അമ്മ കാലുകളും പിടിച്ചുവെച്ചാണ് മധ്യവയസ്‌ക്കന്റെ മരണം ഉറപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. 

Latest News