ന്യുദല്‍ഹി- രാജ്യത്ത് 32 പ്രധാന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ തമിഴ്നാട്ടിലെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). 2015-16 കലായളവില്‍ പാര്‍ട്ടികള്‍ക്കു ലഭിച്ച ഫണ്ടു വിവരങ്ങള്‍ വിശകലനം ചെയ്ത അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഡിഎംകെയുടെ വരുമാനം 77.63 കോടി രൂപയാണ്. ഈ കാലയളവില്‍ 32 പ്രാദേശിക പാര്‍ട്ടികളുടെ മൊത്തം വരുമാനം 221.48 കോടി രൂപ. ഇതില്‍ 32 ശതമാനവും ഡിഎംകെയുടെ പങ്കാണ്. മൊത്തം പാര്‍ട്ടികളുടെ വരുമാനത്തില്‍ 110 കോടി രൂപ, അതായത് 49 ശതമാനത്തോളം ചെലവഴിക്കാതെ കിടക്കുകയാണ്.
ഡിഎംകെയ്ക്കു തൊട്ടുപിറകെ അവരുടെ ബദ്ധവൈരികളും തമിഴ്നാട് ഭരണകക്ഷിയുമായ അണ്ണാഡിഎംകെയുമുണ്ട്. ഇവരുടെ വരുമാനം 54.93 കോടി രൂപ. ആന്ധ്രാ പ്രദേശ് ഭരിക്കുന്ന തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) ആണ് മൂന്നാം സ്ഥാനത്ത്. ഇവര്‍ക്ക് 15.97 കോടി രൂപ വരുമാനമുണ്ട്. 32 ചെറുപാര്‍ട്ടികളില്‍ ഏറ്റവും പുതിയ പാര്‍ട്ടിയായ ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 11.09 കോടി രൂപയുടെ വരുമാനവുമായി നാലാം സ്ഥാനത്തെത്തി.
14 ചെറുപാര്‍ട്ടികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് വരുമാനത്തേക്കാള്‍ ഏറെ ചെലവുകളുണ്ടെന്നാണ്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച- പ്രജതന്ത്രിക്, ജനതാദള്‍ യുനൈറ്റഡ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍ 2015-16 വര്‍ഷത്തില്‍ മൊത്ത വരുമാനത്തിന്റെ 200 ശതമാനത്തോളം ചെലവഴിച്ചിട്ടുണ്ട്. ഡിഎംകെ, അണ്ണാ ഡിഎംകെ, ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ പാര്‍ട്ടികളുടെ 80 ശതമാനം വരുമാനവും ചെലവഴിക്കാതെ നീക്കിവച്ചതാണ്.
ജനതാദള്‍ യുനൈറ്റഡ്, ടിഡിപി, ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ചെലഴിക്കുന്നതില്‍ മുന്നില്‍. ജെഡിയു തെരഞ്ഞെടുപ്പുകള്‍ക്കായി 14.03 കോടിയും ടിഡിപി തെരഞ്ഞെടുപ്പ്, ഭരണ ചെലവുകള്‍ക്കായി 8.93 കോടിയും ചെവലഴിച്ചു. ആം ആദ്മി പാര്‍ട്ടി 5.11 കോടി രൂപയാണ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചത്. 47 ചെറുപാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ ഒഴികെ ബാക്കി എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പു കമ്മീഷനു കൃത്യമായ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.