വാഷിംഗ്ടണ്‍- അമേരിക്കയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 94,000 രോഗബാധയാണ് സ്ഥിരീകരിച്ചത്. യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നിരിക്കയാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി കണക്ക് വ്യക്തമാക്കുന്നു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും മഹാമാരി ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നത്. ഇതുവരെ 2,29,000 പേരാണ് മരണത്തിനു കീഴടങ്ങിയത്.
കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണെങ്കിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനിയും വൈറസിനെ ഗൗരവത്തിലെടുത്തിട്ടില്ല. കോവിഡ് നിയന്ത്രണത്തില്‍ പ്രധാനമായ മാസ്‌കും, സാമൂഹിക അകലവുമില്ലാതെയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍.