ന്യൂയോര്‍ക്ക്- ആരോഗ്യമുള്ളവര്‍ക്കിടയില്‍ ലക്ഷണം പ്രകടമല്ലാത്ത കോവിഡ് രോഗ ബാധ കണ്ടെത്തുന്നതിന് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി യുഎസിലെ ലോക പ്രശസ്ത സര്‍വകലാശാലയായ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ശാസ്ത്രജ്ഞര്‍. റെക്കോര്‍ഡ് ചെയ്ത ചുമയുടെ ശബ്ദം വിശകലനം ചെയ്യുന്നതാണ് ഈ സാങ്കേതിക വിദ്യ. ഫലം സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനില്‍ തെളിയുമെന്നും അവര്‍ പറയുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ശേഖരിക്കുന്ന ചുമയുടെ ശബ്ദം വിലയിരുത്തിയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്തത്ര സൂക്ഷമമായ ശബ്ദ തരംഗ വ്യത്യാസം വിശകലനം ചെയ്യാന്‍ ഈ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയ്ക്കു കഴിയുമെന്ന് ഇതു വിശദീകരിച്ച് ഐഇഇഇ ജേണല്‍ ഓഫ് എന്‍ജിനീയറിങ് ഇന്‍ മെഡിസിന്‍ ആന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.
പൊതുജനങ്ങള്‍ക്കിടിയില്‍ നിന്ന് മൊബൈല്‍ വഴിയും ലാപ്‌ടോപ് വഴിയും ശേഖരിച്ച ചുമ ശബ്ദങ്ങളാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഉപയോഗിച്ചത്. ഇങ്ങനെ ശേഖരിച്ച ശബ്ദങ്ങല്‍ ആയിരക്കണക്കിന് ചമ ശബ്ദങ്ങളുമായും സംസാര ശബ്ദങ്ങളുമായും താരതമ്യപ്പെടുത്തി വിശദമായി പഠിച്ചു മാതൃക തയാറാക്കി. ഈ മാതൃകാ ശബ്ദങ്ങള്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്‌തെടുത്ത നിര്‍മിത ബുദ്ധിയാണ് ആപ്പ് ആയി വികസിപ്പിച്ചത്. ഇതിലൂടെ പരിശോധന നടത്തിയ ചുമകളില്‍ 98.5 ശതമാനം ചുമകളും കൃത്യമായി കോവിഡ് ബാധിതരുടേതാണെന്ന് സ്ഥിരീകിരച്ചതായും എംഐടി ഗവേഷകര്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കോവിഡ് ബാധിതരുടെ ചുമതയാണ് ഇതിലൂടെ ടെസ്റ്റ് ചെയ്തത്. ഇവരുടെ ചുമ ശബ്ദത്തിലൂടെ ഈ സാങ്കേതിക വിദ്യ ഇവര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി.
ഈ സാങ്കേതിക വിദ്യ ഒരു യുസര്‍ ഫ്രണ്ട്‌ലി മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തി അത് സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ വളരെ സൗകര്യപ്രദമായ ഒരു പ്രി സ്‌ക്രീനിങ് ഉപകരണമായി ജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതു യാഥാര്‍ത്ഥ്യമായാല്‍ പണം മുടക്കി കോവിഡ് പരിശോധന നടത്തുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഉപയോഗിച്ച് തന്നെ സ്വയം പരിശോധന നടത്താം.