റാഞ്ചി- ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയില്‍ നവജാത ശിശുവിന്റെ മരണ കാരണം കൂടോത്രമാണെന്ന് ആരോപിച്ച് കുടുംബത്തിലെ മൂന്ന് പേരെ നാട്ടുകാര്‍ തലയറുത്തു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍ ഈയിടെ പിറന്ന ഒരു കുഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം മരിച്ചിരുന്നു. ഈ നവജാത ശിശുവിന്റെ മരണം കൂടോത്രം കാരണമെന്ന് പ്രദേശത്തെ സിദ്ധന്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബാംഗങ്ങളെ നാട്ടുകാര്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊന്നത്. മൂന്നാഴ്ച മുമ്പ് കാണാതായ ബിര്‍സ മുണ്ഡ (48), ഭാര്യ സുക്രു പുര്‍തി (43), മകള്‍ സോംവര്‍ പുര്‍തി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം വനപ്രദേശത്തു ബുധനാഴ്ചയാണ് കണ്ടെത്തിയത്. അറുത്തെടുത്ത തലകളും മൃതദേഹങ്ങളുടെ സമീപത്തു കണ്ടെത്തി.
ഈ കൂടുംബം കൂടോത്രം നടത്തുന്നവരാണെന്ന് സിദ്ധന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇവരെ നാട്ടുകാര്‍ തട്ടിക്കൊണ്ടു പോയിക്കൊലപ്പെടുത്തിയത്. ബിര്‍സ മുണ്ഡയുടെ മറ്റൊരു മകള്‍ തെലാനി കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരേയും കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരെ കണ്ടെത്താനുള്ള തെലാനിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ദുരൂഹത സംശയിച്ച തെലാനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷിച്ചിട്ടും തുമ്പുണ്ടായില്ല. കുടുംബത്തെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചു ലഭിച്ച സൂചനകളാണ് ക്രൂര കൊലപാതകം പുറത്തെത്തിച്ചത്. ഇവരുടെ അയല്‍ക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെ കൊലപാതക വിവരം വ്യക്തമായി. മൂന്നു പ്രതികളും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളായ മറ്റു ആറു പേരെ കൂടി കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.