ലഖ്‌നൗ- സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ഏഴ് ബിഎസ്പി എംഎല്‍എമാരെ പാര്‍ട്ടി അധ്യക്ഷ മായാവതി സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി രാംജി ഗൗതമിനെ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിര്‍ത്ത വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസമാണ് അഖിലേഷിനെ കണ്ടത്. ചൗധരി അസ് ലം അലി, ഹകിം ലാല്‍ ബിന്ദ്, മുഹമ്മദ് മുജ്തബ സിദ്ദീഖി, അസ് ലം റയ്‌നി, സുഷമ പട്ടേല്‍, ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ബന്ദന സിങ് എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് നടപടി. അഖിലേഷിനെ കണ്ടതോടെ ഇവര്‍ എസ്പിയിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. രാംജി ഗൗതമിന്റെ നാമനിര്‍ദേശ പത്രികയിലുള്ള തങ്ങളുടെ ഒപ്പുകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നു വ്യക്തമക്കി ഇവരില്‍ നാലു എംഎല്‍എമാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എങ്കിലും റിട്ടേണിങ് ഓഫീസര്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ഉത്തര്‍ പ്രദേശില്‍ ഒഴിവു വന്ന 10 രാജ്യസഭാ സീറ്റുകളിലേക്ക് നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജയിക്കാനുള്ള അംഗബലം ഇല്ലെങ്കിലും മായാവതി തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ രാംജി ഗൗതമിനെ രംഗത്തിറക്കുകയായിരുന്നു. ബിജപി ഇതര പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്ന് ബിഎസ്പി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.