പട്‌ന- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുധനാഴ്ച നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 54.26 ശതമാനം വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ നടന്ന പോളിങ് സമാധാനപരമായിരുന്നു. രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ഒരു മണിക്കൂര്‍ കൂടി പോളിങ് സമയം നീട്ടി നല്‍കുകയും ചെയ്തു. 16 ജില്ലകളിലെ പോളിങ് 2015ലെ വോട്ടെടുപ്പിനേക്കാള്‍ 0.49 ശതമാനം കുറഞ്ഞതായാണ് ബുധനാഴ്ച രാത്രി 9.30 വരെയുള്ള കണക്കുകളെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. അന്തിമ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ഈ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും പിഴവുകളില്ലാതെ പ്രവര്‍ത്തിച്ചതായും കമ്മീഷന്‍ പറഞ്ഞു.
ചട്ടം ലംഘിച്ചതിന് സംസ്ഥാന കൃഷി മന്ത്രിയും ബിജെപി നേതാവുമായ പ്രേം കുമാറിനെതിരെ കേസെടുത്തു. ഗയയിലെ പോളിങ് ബൂത്തില്‍ സൈക്കിളില്‍ എത്തിയ മന്ത്രി ധരിച്ച മാസ്‌കില്‍ പാര്‍ടി ചിഹ്നം ചിത്രീകരിച്ചതാണ് വിനയായത്.