അംഗീകരിക്കില്ലെന്ന് സ്‌പെയിൻ
ബാഴ്‌സലോണ- സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതായി കാറ്റലോണിയൻ പാർലമെന്റിന്റെ പ്രഖ്യാപനം. ബാഴ്‌സലോണയിലെ പാർലമെന്റ് മന്ദിരത്തിൽനിന്നാണ് സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം വന്നത്. അതേസമയം, പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് സ്‌പെയിൻ വ്യക്തമാക്കി. മുഴുവൻ സ്പാനിഷ് പൗരൻമാരും ആത്മസംയമനം പാലിക്കണമെന്നും കാറ്റലോണിയക്ക് മേൽ നിയമം പുനസ്ഥാപിക്കപ്പെടുമെന്നും സ്‌പെയിൻ പ്രധാനമന്ത്രി മാരിയാനോ റജോയ് ഉടൻ പ്രതികരിച്ചു.
രഹസ്യബാലറ്റിലൂടെയാണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള പ്രമേയം കാറ്റലോണിയൻ പാർലമെന്റ് പാസാക്കിയത്. പ്രമേയത്തെ അംഗീകരിക്കാതെ പ്രതിപക്ഷം വിട്ടുനിന്നു. പ്രമേയത്തിന് അനുകൂലമായി എഴുപതും എതിരായി പത്തും വോട്ട് ലഭിച്ചു. രണ്ടു പേർ വോട്ടെടുപ്പിനെത്തിയില്ല.
ജനാധിപത്യത്തിന്റെ ഇരുണ്ട ദിവസം എന്നാണ് പ്രതിപക്ഷം ഇന്നത്തെ ദിവസത്തെ വിശേഷിപ്പിച്ചത്. വോട്ടെടുപ്പിന്റെ ഫലമറിയാൻ ആയിരകണക്കിന് ആളുകളാണ് കാറ്റലോണിയൻ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടിയത്.