അബുദാബി- വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ബന്ധുവായ യുവതിക്ക് അസഭ്യസന്ദേശങ്ങള്‍ അയച്ച കേസില്‍ യുവാവിന് 270,000 ദിര്‍ഹം പിഴ വിധിച്ച് അബുദാബി കോടതി. അഭിമാനക്ഷതം വരുത്തിയതിനും ധാര്‍മിക മര്യാദ ലംഘിച്ചതിനുമാണ് ശിക്ഷാ നടപടി.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2012 ലെ ഫെഡറല്‍ നിയമം അനുസരിച്ച് കഴിഞ്ഞ വര്‍ഷമാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് പ്രതിക്ക് 250,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. ശിക്ഷ ശരിവെച്ച അബുദാബി അപ്പീല്‍ കോടതി പിഴക്ക് പുറമെ മര്യാദയില്ലാതെ പെരുമാറിയതിന് 20,000 ദിര്‍ഹം കൂടുതല്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം, യുവതി തന്നോടും അപമര്യാദയായി പെരുമാറിയെന്നാണ് യുവാവിന്റെ വാദം. യുവതിക്ക് നേരെ സ്വഭാവഹത്യ നടത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞതായും കോടതി രേഖകളിലുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായി പെരുമാറുന്നത് സൈബര്‍ കുറ്റകൃത്യമായാണ് യു.എ.ഇയില്‍ കണക്കാക്കുന്നത്. ജയില്‍വാസമോ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം കവിയാത്തതുമായ പിഴയോ അടക്കേണ്ടിവരും. ചില ഘട്ടത്തില്‍ രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിക്കേണ്ടിവരുമെന്നും യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.